വിശാഖപട്ടണം: ദക്ഷിണേന്ത്യയിൽ രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് നടത്താനൊരുങ്ങുന്നു. ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്യും. സെക്കന്തരാബാദിൽ നിന്ന് വിശാഖപട്ടണത്തേക്കാണ് ട്രെയിൻ സർവീസ് നടത്തുക. ഇന്ത്യയിലെ എട്ടാമത്തേയും ദക്ഷിണേന്ത്യയിലെ രണ്ടാമത്തേയും വന്ദേഭാരത് ട്രെയിൻ ആണിത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ചെന്നൈ-മൈസൂർ റൂട്ടിലാണ് സർവീസ് നടത്തുന്നത്.
സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ 700 കിലോമീറ്റർ ദൂരം എട്ട് മുതൽ ഒൻപത് മണിക്കൂറിനുള്ളിൽ പിന്നിടാനാകും. മണിക്കൂറിൽ 140 മുതൽ 160 കിലോമീറ്റർ വരെ വേഗതയിലാണ് ട്രെയിനിന്റെ സഞ്ചാരം. സെക്കന്തരാബാദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. വിജയവാഡ വഴിയാണ് വിശാഖപട്ടണത്തേക്ക് എത്തുന്നത്.
തുരന്തോ എക്‌സ്പ്രസ് ആണ് നിലവിൽ വിശാഖപട്ടണത്തിനും സെക്കന്തരാബാദിനും ഇടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിൻ. 11 മണിക്കൂറിലധികം സമയമെടുത്താണ് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ മൂന്ന് മണിക്കൂറിലധികം യാത്രാസമയം ലാഭിക്കാനാകും. വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുദ്രി തുടങ്ങിയ സ്‌റ്റേഷനുകളിൽ ട്രെയിൻ നിർത്തും.








