ഭാഗ്യം വച്ചുള്ള കളിയാണ് ലോട്ടറി എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ലോട്ടറി അടിക്കുക എന്നത് അപൂർവ്വ ഭാഗ്യമായിട്ടാണ് കരുതുന്നതും. ലോട്ടറി അടിച്ചെന്ന് കേൾക്കുമ്പോൾ ആദ്യം ഒരു അമ്പരപ്പും, പിന്നെ ആകെ സന്തോഷവുമായിരിക്കും തോന്നുക. കഴിഞ്ഞ ദിവസം ബംഗാളിലെ ഒരു സ്ത്രീക്ക് ഒരു കോടി രൂപ ലോട്ടറിയടിച്ചു. സമ്മാനം കിട്ടിയ വിവരമറിഞ്ഞ് ഇവർ നേരെ പോയത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കാണ്. കാരണം ലോട്ടറി അടിച്ചതറിഞ്ഞ് തന്നെ ആരെങ്കിലും അപായപ്പെടുത്താൻ എത്തുമോ എന്നതായിരുന്നു യുവതിയുടെ ഭയം.
ബംഗാൾ സ്വദേശിനിയായ പുത്തൂൽ ഹരിക്കാണ് ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിച്ചത്. നിർധന കുടുംബാംഗമായ ഇവർ പല വീടുകളിലും ജോലി ചെയ്താണ് കുിടുംബം പുലർത്തിയിരുന്നത്. ഭർത്താവും കൂലിവേല ചെയ്യുകയാണ്. 30 രൂപയ്ക്കാണ് ലോട്ടറി ടിക്കറ്റെടുത്തത്. സമ്മാനമുണ്ടെന്ന് അറിഞ്ഞ നിമിഷം സന്തോഷത്തെക്കാളേറെ പരിഭ്രാന്തിയാണ് തോന്നിയതെന്നാണ് യുവതി പറയുന്നത്.
ടിക്കറ്റ് തട്ടിയെടുക്കാൻ ആരെങ്കിലും അപായപ്പെടുത്തുമോ എന്നതായിരുന്നു ഭയം. അതുകൊണ്ടാണ് സഹായത്തിന് വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് ആദ്യമേ പോയതെന്നും ഇവർ പറയുന്നു. സമ്മാനത്തുക ഉപയോഗിച്ച് ഒരു വീട് ഉണ്ടാക്കണം, രോഗിയായ മകന്റെ ചികിത്സ തുടരണം, മകളുടെ വിവാഹം നടത്തിയപ്പോഴുണ്ടായ കടബാധ്യത തീർക്കണം, തുടങ്ങിയ കാര്യങ്ങൾ ഈ തുക ഉപയോഗിച്ച് ചെയ്യാനാണ് ഇവരുടെ തീരുമാനം. അതേസമയം ലോട്ടറിയടിച്ചുവെന്ന് വച്ച് ഇപ്പോൾ ചെയ്ത് വരുന്ന വീട്ടുജോലി ഉപേക്ഷിക്കില്ലെന്നും ഇവർ പറയുന്നു.
Discussion about this post