അഗർത്തല: നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ ഡോക്ടർ കുപ്പായമണിഞ്ഞ് ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ. ത്രിപുര മെഡിക്കൽ കോളേജിലെത്തിയ അദ്ദേഹം 10 വയസുള്ള ആൺകുട്ടിയ്ക്ക് ദന്ത ശസ്ത്രക്രിയ നടത്തി. 70 കാരനായ ഡോ. മാണിക് സാഹ രാഷ്ട്രീയത്തിൽ സജീവമാകും മുൻപ് ദന്തഡോക്ടറായി ജോലി ചെയ്തിരുന്നു.
ഓപ്പറേഷൻ തിയറ്ററിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മാണിക് സാഹ താൻ നടത്തിയ ശസ്ത്രക്രിയ വിവരങ്ങൾ ട്വിറ്ററിൽ കുറിച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണെങ്കിലും ശസ്ത്രക്രിയ നടത്താൻ ബുദ്ധിമുട്ട് ഒന്നുമുണ്ടായില്ല എന്നും കൈവിറ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും സന്തോഷം നൽകിയ കാര്യമായാണ് അദ്ദേഹം ശസ്ത്രക്രിയയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
”എന്റെ പഴയ ജോലിസ്ഥലമായ ത്രിപുര മെഡിക്കൽ കോളേജിൽ 10 വയസ്സുള്ള അക്ഷിത് ഘോഷിന്റെ ഓറൽ സിസ്റ്റിക് ലെസിയോണിനുള്ള ശസ്ത്രക്രിയ നടത്തിയതിൽ സന്തോഷമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണെങ്കിലും ശസ്ത്രക്രിയ നടത്താൻ ബുദ്ധിമുട്ടുണ്ടായില്ല. രോഗി ഇപ്പോൾ നല്ല നിലയിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പട്നയിലെ ഗവൺമെന്റ് ഡെന്റൽ കോളേജിൽ നിന്നും ലക്‌നൗവിലെ കിംഗ് ജോർജസ് മെഡിക്കൽ കോളേജിൽ നിന്നും ഡെന്റൽ സർജറിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഡോ. മാണിക് സാഹ,ത്രിപുര മെഡിക്കൽ കോളേജിലും അഗർത്തലയിലെ ഡോ. ബി.ആർ.എ.എം. ടീച്ചിംഗ് ഹോസ്പിറ്റലിലും ഡെന്റൽ സർജറി പഠിപ്പിച്ചിട്ടുമുണ്ട്








