വാരാണസി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി നടത്തുന്ന എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. വാരാണസിയിൽ ഗംഗാ നദിയുടെ തീരത്തായി ‘ടെന്റ് സിറ്റി’യുടെ ഉദ്ഘാടനവും വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. 1000 കോടിയിലധികം വരുന്ന ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ചടങ്ങിൽ നിർവഹിക്കും. ഗംഗാ വിലാസിലെ ആദ്യ ബാച്ച് സഞ്ചാരികൾ ഇന്നലെ വാരാണസിയിൽ എത്തിയിരുന്നു. വിപുലമായ സ്വീകരണമാണ് ഇവർക്കായി അധികൃതർ ഒരുക്കിയിരന്നത്. പ്രസിദ്ധമായ ഗംഗാ ആരതിയിൽ ഉൾപ്പെടെ ഇവർ പങ്കാളികളായി.
ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങീ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര ബോട്ട് സഞ്ചരിക്കുന്നത്. 3200 കിലോമീറ്റർ ദൂരം 51 ദിവസം കൊണ്ടാണ് പൂർത്തിയാക്കുന്നത്. നദിയിലൂടെ ഒരു ക്രൂയിസ് കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയായിരിക്കും ഇത്.
ആഡംബര കപ്പലിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും ഉണ്ട്. 36 വിനോദസഞ്ചാരകൾക്ക് ഇതിൽ യാത്ര ചെയ്യാനാകും. കപ്പലിന്റെ ആദ്യയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ ഭാഗമാകും. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, ആത്മീയത എന്നിവയെ കുറിച്ച് സഞ്ചാരികൾക്ക് ആഴത്തിൽ മനസിലാക്കാൻ ഈ യാത്ര വഴി സാധിക്കും.
ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഡിലേക്കായിരിക്കും ആഡംബര കപ്പലിന്റെ യാത്ര. 50ലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, വാരാണസി ഗംഗാ ആരതി, കാസിരംഗ നാഷണൽ പാർക്ക്, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയവ കാണാനും സഞ്ചാരികൾക്ക് അവസരമുണ്ട്. കൊൽക്കത്ത, ധാക്ക തുടങ്ങിയ ഇടങ്ങളിലൂടെയെല്ലാം കപ്പൽ സഞ്ചരിക്കും. ഏകദേശം 1100 കിലോമീറ്റർ ദൂരം ബംഗ്ലാദേശിലൂടെയാണ് കപ്പൽ സഞ്ചരിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് പ്രകാരമാണ് യാത്ര.
നദീജല ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് വാരാണസിയിലെ ടെന്റ് സിറ്റി ഗംഗാ നദിയുടെ തീരത്ത് വിഭാവനം ചെയ്തിരിക്കുന്നത്. കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനത്തിനു ശേഷം വാരാണസിയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ച് വരുന്നത് കണക്കിലെടുത്താണ് മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതി ഒരുക്കുന്നത്. ബോട്ടുകളിലാണ് സഞ്ചാരികൾക്ക് ഇവിടേക്ക് എത്താനാവുക. ഒക്ടോബർ മുതൽ ജൂൺ വരെ ടെന്റ് സിറ്റികൾ പ്രവർത്തന സജ്ജമായിരിക്കും. പിന്നീടുള്ള മൂന്ന് മാസം മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് അവ പൊളിച്ചു മാറ്റുകയും ചെയ്യും.








