കൊച്ചി: ആഡംബര ജീവിതത്തിന് പണം തികയാതെ വന്നതോടെയാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് ഇറങ്ങിയതെന്ന് കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ 20കാരി. കൊല്ലം കുരീപ്പുഴ സ്വദേശിനി ബ്ലെയ്സിയെ കഴിഞ്ഞ ദിവസമാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഏവിയേഷൻ കോഴ്‌സ് പഠിക്കാനെത്തിയ ബ്ലെയ്‌സി ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
നോർത്ത് എസ്.ആർ.എം റോഡിലെ മെഡോസ് വട്ടോളി ടവേഴ്സിലുള്ള യുവതിയുടെ ഫ്‌ളാറ്റിൽ നിന്നാണ് 1.962 ഗ്രാം എംഡിഎംഎ നിന്ന് പിടിച്ചെടുത്തത്. പഠനത്തോടൊപ്പം തന്നെ സ്പാ സെന്ററുകളിലും ബ്ലെയ്‌സി ജോലി ചെയ്തിരുന്നു. സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും ജോലി ചെയ്തു. എന്നാൽ ജോലി ചെയ്ത് കിട്ടുന്ന പണം ആഡംബര ജീവിതത്തിന് തികയാതെ വന്നു.
ഇതോടെയാണ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടന്നത്. പാലക്കാട് സ്വദേശിയായ കൂട്ടുകാരനാണ് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നതെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രാത്രിയിലായിരുന്നു പ്രധാനമായും വിൽപന. പ്രതിദിനം ഏഴായിരം രൂപ വരെ ലഭിക്കാറുണ്ടായിരുന്നുവെന്നും യുവതി പറയുന്നു.












