ആലപ്പുഴ ; വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിക്ക് വൈദ്യുതി പുനസ്ഥാപിച്ച് നൽകി ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ അർജുൻ കൃഷ്ണ എന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് തന്റെ സങ്കടം പറഞ്ഞുകൊണ്ട് കളക്ടർ മാമന് കത്തെഴുതിയത്.
മാസങ്ങളായി വീട്ടിൽ കറണ്ടില്ലെന്നും മെഴുകുതിരി വെട്ടത്തിലാണ് കുടുംബം ജീവിക്കുന്നത് എന്നും കത്തിൽ പറയുന്നുണ്ട്. വെളിച്ചമില്ലാത്തതിനാൽ വീട്ടിലിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും കുരുന്ന് കത്തിൽ പറഞ്ഞു.
ബുധനാഴ്ചയാണ് ജില്ലാ കളക്ടർക്ക് കത്ത് ലഭിച്ചത്. കളക്ടർ ഉടനെതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് കെഎസ്ഇബിയിൽ അടയ്ക്കാനുണ്ടായിരുന്ന പണമടച്ച് വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച അർജുന്റെ വീട് സന്ദർശിച്ചു. വീട്ടിൽ എട്ട് വർഷമായി ടിവി ഇല്ലെന്ന് പറഞ്ഞ അർജുന് ഒരു ടിവി സമ്മാനമായി നൽകി.
വിദ്യർത്ഥിക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്നും പുതിയ യൂണിഫോം വാങ്ങി നൽകാമെന്നും കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.
Discussion about this post