തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ കേരളത്തിന് തകർപ്പൻ ജയം. 204 റൺസിനാണ് കേരളത്തിന്റെ വിജയം. അവസാന ഇന്നിംഗ്സിൽ സർവീസസിന്റെ 8 വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേനയും രണ്ട് ഇന്നിംഗ്സുകളിലും ഗംഭീര ബാറ്റിംഗ് കാഴ്ചവെച്ച സച്ചിൻ ബേബിയുമാണ് കേരളത്തിന്റെ വിജയ ശിൽപ്പികൾ.
സ്കോർ:കേരളം- 327, 242/7 (ഡിക്ലയേർഡ്); സർവീസസ്- 229,136
അവസാന ദിവസം 321 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന സർവീസസിനെ 136 റൺസിൽ പുറത്താക്കിയാണ് കേരളം ഗംഭീര വിജയം ആഘോഷിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 20 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച സർവീസസിന് പൊരുതാനുള്ള അവസരം പോലും നൽകാതെയായിരുന്നു സക്സേനയുടെ മാരക സ്പിൻ ആക്രമണം. 52 റൺസ് നേടിയ സൂഫിയാൻ ആലമാണ് സർവീസസിന്റെ ടോപ് സ്കോറർ. സൂഫിയാനെയും ജലജ് റൺ ഔട്ട് ആക്കുകയായിരുന്നു.
ഒന്നാം ഇന്നിംഗ്സിൽ 159 റൺസും രണ്ടാം ഇന്നിംഗ്സിൽ 93 റൺസും നേടിയ സച്ചിൻ ബേബിയായിരുന്നു കേരള ബാറ്റിംഗിന്റെ നെടുംതൂൺ. മത്സരത്തിൽ ആകെ 11 വിക്കറ്റുകളാണ് ജലജ് സക്സേന വീഴ്ത്തിയത്.
Discussion about this post