കാസർകോഡ്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്തിരിക്കുന്നത് കളളക്കേസാണെന്ന് ആ കേസിന്റെ വകുപ്പുകൾ മാത്രം നോക്കിയാൽ അറിയാമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമമാണ് പ്രധാനമായി ചേർത്തിരിക്കുന്നത്. ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നോ ജാതി പറഞ്ഞ് പീഡിപ്പിച്ചെന്നോ കേസിന് കാരണക്കാരനായ ആൾ പോലും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ആലുവക്കാരനായ ഒരു വ്യക്തിയാണ് ഈ മൊഴി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇപ്പോൾ സന്തോഷിക്കുന്നവരെല്ലാം കുറച്ച് കഴിയുമ്പോൾ നിരാശരാകേണ്ടി വരും. കോടതിയുടെ നടപടികൾ അനുസരിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഭീഷണിപ്പെടുത്തിയെന്ന് പോലീസിന് മൊഴി കൊടുത്ത ആൾ അദ്ദേഹത്തിന്റെ മൊഴിയിൽ ഒരിടത്തും പട്ടികജാതി പീഡനം ഉന്നയിക്കുന്നില്ല. കേസിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആലുവക്കാരനായ ഒരു സിപിഎം പ്രവർത്തകൻ മുഖ്യമന്ത്രിക്ക് ഒരു പരാതി നൽകി. ആ പരാതി ക്രൈംബ്രാഞ്ചിന് മുഖ്യമന്ത്രി നൽകി. അങ്ങനെയാണ് പോലീസിന് പരാതി ലഭിക്കുന്നത്. മുഖ്യമന്ത്രി തന്നെയാണ് കേസിന് പിന്നിലെന്ന് പകൽ പോലെ വ്യക്തമാണ്. രാഷ്ട്രീയ വിരോധം തീർക്കാനും ബിജെപിയെ അപകീർത്തിപ്പെടുത്താനും കെട്ടിച്ചമച്ച കേസാണ് ഇതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നീതിന്യായ കോടതികളിൽ ബിജെപിക്ക് പൂർണ വിശ്വാസമുണ്ട്. കേസ് ഉണ്ടാക്കിയവരും പണം കൊടുത്തവരും പ്രചാരവേല നടത്തിയവരും എല്ലാം സമ്പൂർണ നിരാശയിലാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പരാതിക്ക് കാരണക്കാരനായ സുന്ദരയെ ഇതുവരെ താൻ വിളിച്ചിട്ടില്ല. താൻ വിളിച്ചോ ഇല്ലയോ എന്ന് കണ്ടെത്താൻ പോലീസിന് മുൻപിൽ നിരവധി മാർഗങ്ങൾ ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
കാസർകോഡ് ജില്ലാ സെഷൻസ് കോടതിയിൽ കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയിട്ടുളളതെന്നും പട്ടികജാതി – പട്ടിക വർഗ പീഡന നിരോധന വകുപ്പുകൾ കൂടി ചേർക്കണമെന്നും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു.
തന്റെ നാമനിർദ്ദേശ പത്രിക പിൻവലിച്ചത് സ്വമേധയാ ആണെന്നും തന്നെ ആരും തട്ടിക്കൊണ്ടു പോയില്ലെന്നും സുന്ദര തന്നെ പോലീസിന് നേരത്തെ മൊഴി നൽകിയ കാര്യവും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.












