ചെന്നൈ: ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അദ്ദേഹത്തിന് ‘സെഡ്’ കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനമായി. മുൻ ഐപിഎസ് ഒഫീസറായിരുന്ന അദ്ദേഹത്തിന് ‘വൈ’ കാറ്റഗറി സുരക്ഷയാണ് നേരത്തെ നൽകിയിരുന്നത്.
അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുള്ളതായി ഇന്റലിജൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അണ്ണാമലൈയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനമായത്. 28 എസ്എസ്ജി കമാൻഡോകൾ ആകും അദ്ദേഹത്തിന് ഇനി മുതൽ സുരക്ഷ നൽകുക. യാത്രകളിൽ സംസ്ഥാന പോലീസ് അദ്ദേഹത്തിന് അകമ്പടി സേവിക്കും. വീടിന് ചുറ്റും സുരക്ഷയ്ക്കായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും.
നേരത്തെ എക്‌സ് കാറ്റഗറി സുരക്ഷയായിരുന്നു അണ്ണാമലൈയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ നിരന്തമുള്ള ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ഇത് വൈ കാറ്റഗറി ആക്കി മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി ശക്തമായതിനെ തുടർന്ന് ഇപ്പോൾ സെഡ് ആക്കിയിരിക്കുന്നത്.
അതേസമയം അദ്ദേഹത്തിന് ഭീഷണിയുണ്ടെന്നല്ലാതെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യാന്വേഷഷണ വിഭാഗം സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഹിന്ദുക്കൾക്ക് നേരായ അതിക്രമങ്ങൾക്കെതിരെയും, സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെയും ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുകയാണ് അണ്ണാമലൈ. ഇതിനിടെയാണ് അദ്ദേഹത്തിന് ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരിക്കുന്നത്.
Discussion about this post