തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന് ക്രിക്കറ്റ് ആരാധകരുടെ നിസ്സഹകരണം. ഞായറാഴ്ച കളി നടക്കാനിരിക്കെ ഇന്ന് രാവിലെ വരെ 5000 ത്തോളം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. ടിക്കറ്റ് നിരക്കിലെ വർദ്ധനയിലും കായികമന്ത്രി വി. അബ്ദുറഹ്മാന്റെ വിവാദ പരാമർശത്തിലും പ്രതിഷേധിച്ച് ആരാധകർ മുഖംതിരിക്കുകയായിരുന്നുവെന്നാണ് സൂചന.
37,500 ഓളം സീറ്റുകളിൽ 20,000 ത്തോളം ടിക്കറ്റുകൾ വിൽപനയ്ക്ക് വെച്ചിരുന്നു. എന്നാൽ ടിക്കറ്റ് വിൽപനയിലെ മെല്ലെപ്പോക്ക് കേരള ക്രിക്കറ്റ് അസോസിയേഷനെ ആശങ്കപ്പെടുത്തുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ ടിക്കറ്റുകൾക്ക് 12 ശതമാനം വിനോദ നികുതി കൂടി ചുമത്തിയതും ജിഎസ്ടിയുമാണ് നിരക്ക് ഉയരാനുളള കാരണം.
1000, 2000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്. 18 ശതമാനം ജിഎസ്ടിക്ക് പുറമേ കോർപ്പറേഷന്റെ 12 ശതമാനം വിനോദ നികുതി കൂടി ചേർന്നതോടെ 300 രൂപ നികുതിയിനത്തിൽ മാത്രം കാണികൾക്ക് മുടക്കേണ്ടി വരും. ഇതിന് പുറമേ ഓൺലൈൻ പേമെന്റ് ആപ്പായ പേടിഎം ഇൻസൈഡറിന്റെ കൺവീനിയൻസ് ചാർജ് കൂട്ി ചേരുമ്പോൾ 1000 രൂപയുടെ ടിക്കറ്റ് വില 1475.74 രൂപയായി ഉയരും.
നിരക്ക് കുറയുമെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിലൂടെ ഉണ്ടായെന്നാണ് കെസിഎ ചൂണ്ടിക്കാണിക്കുന്നത്. കാണികൾ കുറഞ്ഞാൽ ലോകകപ്പ് വേദി ലഭിക്കാനുളള സാദ്ധ്യത തന്നെ കുറയുമെന്നും കെസിഎ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ക്രിക്കറ്റ് മത്സരത്തിൽ സർക്കാർ ഇടപെട്ട് വിനോദ നികുതി കുറച്ചിരുന്നു. ഇക്കുറി 24 ശതമാനമാണ് കോർപ്പറേഷൻ ആവശ്യപ്പെട്ട നികുതി നിരക്ക്. ഇത് സാദ്ധ്യമല്ലെന്ന് അറിയിച്ചതോടെ 12 ശതമാനം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഇന്ത്യ -ശ്രീലങ്ക രണ്ടാം ഏകദിനത്തിന് വേദിയായ കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് നികുതിയടക്കം 650 രൂപ മാത്രമായിരുന്നു. ടിക്കറ്റിൽ നികുതി ഇളവ് നൽകണമെന്ന് രമേശ് ചെന്നിത്തല അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും പണമില്ലാത്തവർ കളി കാണേണ്ടെന്ന കായികമന്ത്രി വി അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവനയും ക്രിക്കറ്റ് ആരാധകരെ വേദനിപ്പിച്ചുവെന്ന് വേണം കരുതാൻ.
വിദ്യാർത്ഥികൾക്ക് പകുതി നിരക്കിൽ ടിക്കറ്റ് നൽകുമെന്ന് കെസിഎ പറഞ്ഞിട്ടുണ്ട് നികുതിയടക്കം 650 രൂപയാണ് ഇതിന് വേണ്ടി വരിക. ഫ്രീ ടിക്കറ്റ് ഗീവ് എവേ മത്സരം ഉൾപ്പെടെ കെസിഎ നടത്തുന്നുണ്ടെങ്കിലും ഇതിനും പ്രതികരണം വളരെ കുറവാണ്.











Discussion about this post