ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ തന്റെ 54-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയതോടെ വിരാട് കോഹ്‌ലി മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഏകദിന ചരിത്രത്തിൽ 35 വ്യത്യസ്ത വേദികളിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് കോഹ്‌ലി സ്വന്തമാക്കിയത്.
ഈ റെക്കോഡിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെയാണ് കോഹ്‌ലി മറികടന്നത്. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ആദ്യമായാണ് കോഹ്‌ലി ഒരു ഏകദിന സെഞ്ച്വറി (124 റൺസ്) നേടുന്നത്. ഇതോടെ കോഹ്‌ലി സെഞ്ച്വറി നേടിയ സ്റ്റേഡിയങ്ങളുടെ എണ്ണം 35 ആയി ഉയർന്നു.
ക്രിക്കറ്റ് ലോകത്തെ സ്റ്റേഡിയങ്ങൾ ഓരോന്നായി കീഴടക്കുന്ന വിരാട് കോഹ്‌ലി എന്ന റൺ മെഷീൻ, ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലും തന്റെ പേര് എഴുതിച്ചേർത്തു. ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വ്യത്യസ്ത ഗ്രൗണ്ടുകളിൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി കോഹ്‌ലി ഒന്നാമതെത്തി. സച്ചിൻ 34 വ്യത്യസ്ത വേദികളിൽ ഈ നേട്ടമുണ്ട്. നിലവിലെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ 26 വേദികളുമായി മൂന്നാം സ്ഥാനത്തുണ്ട്. പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾക്കാണെന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ബാറ്റിംഗ് കരുത്തിനെയാണ് കാണിക്കുന്നത്.
ഇത് കൂടാതെ ചില റെക്കോഡുകളും വിരാട് സ്വന്തം പേരിലാക്കി. ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ കോഹ്‌ലിയുടെ ഏഴാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൊത്തത്തിൽ (ടെസ്റ്റ്, ഏകദിന, ടി20) കിവികൾക്കെതിരെ 10 സെഞ്ച്വറികൾ നേടുന്ന ആദ്യ താരമായും അദ്ദേഹം മാറി. ഏകദിനത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റിക്കി പോണ്ടിംഗിന്റെ റെക്കോർഡും കോഹ്‌ലി മറികടന്നു.













Discussion about this post