കൊല്ലം: കൊട്ടാരക്കരയിലെ നെടുവത്തൂർ പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കി ബിജെപി. ലൈഫ് മിഷൻ അഴിമതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് യുഡിഎഫ് പിന്തുണയിൽ പ്രസിഡന്റായ സത്യഭാമ പുറത്തായത്. വോട്ടെടുപ്പിൽ നിന്നും ഇടത് അംഗങ്ങൾ വിട്ടുനിന്നത് അഴിമതിക്കുള്ള പരോക്ഷ പിന്തുണയാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
സത്യഭാമയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ താത്പര്യമില്ലാത്തതിനാൽ, കോൺഗ്രസിന്റെ രണ്ട് അംഗങ്ങളും യോഗം ബഹിഷ്കരിച്ചു. പാർട്ടി നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി മൂന്ന് യുഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. 11 അംഗങ്ങളും അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ, പ്രസിഡന്റ് പുറത്താകുകയായിരുന്നു.
18 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് അംഗങ്ങൾ മാത്രമുള്ള ബിജെപിക്ക് അവിശ്വാസ പ്രമേയം വിജയിപ്പിക്കാൻ സാധിച്ചത് വലിയ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചായത്തിൽ ഭരണം പിടിക്കാനുള്ള സുവർണാവസരമാണ് ബിജെപിക്ക് ഇതിലൂടെ കൈവന്നിരിക്കുന്നത്.
അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വിജയമാണ് നെടുവത്തൂരിൽ അവിശ്വാസ പ്രമേയത്തിന്റെ വിജയത്തിലേക്ക് നയിച്ചതെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് കുറുമ്പാലൂർ സന്തോഷ് പറഞ്ഞു. ലൈഫ് ഭൂമിയിടപാടിൽ അഴിമതി നടന്നെന്ന് തെളിഞ്ഞുകഴിഞ്ഞു. പ്രസിഡന്റിന് അനുകൂലമായി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന എൽഡിഎഫിന്റെ തനിനിറം പുറത്തായെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പാർട്ടിയുടെ ഏഴ് അംഗങ്ങൾക്ക് പുറമെ മൂന്ന് കോൺഗ്രസ് അംഗങ്ങളും കേരള കോൺഗ്രസ് ജേക്കബിന്റെ ഒരു അംഗവുമാണ് പിന്തുണച്ചത്. വോട്ടെടുപ്പിൽ ആകെ 15 അംഗങ്ങളാണ് പങ്കെടുത്തത്.
അതേസമയം, സ്ഥാനമോഹികൾ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ കണ്ടതെന്നും, അഴിമതി നടന്നിട്ടില്ലെന്നുമായിരുന്നു പുറത്തായ പ്രസിഡന്റ് സത്യഭാമയുടെ പ്രതികരണം.
Discussion about this post