നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിലേക്ക് വധഭീഷണി സന്ദേശം എത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞ് നാഗ്പൂർ പോലീസ്. കർണാടകയിലെ ജയിലിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കർണാടകയിലെ ബെലഗാവി ജയിലിൽ കഴിയുന്ന ജയേഷ് കാന്തയാണ് വധഭീഷണി മുഴക്കിയത്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ എത്രയും വേഗം നാഗ്പൂരിലെത്തിക്കണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ടാണ് ജയേഷ് നാഗ്പൂരിലെ ഗഡ്കരിയുടെ ഓഫീസിലേക്ക് വിളിച്ചത്. 100 കോടി രൂപ തനിക്ക് നൽകിയില്ലെങ്കിൽ ഗഡ്കരിയെ വധിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ജയിലിൽ നിന്ന് നിയമവിരുദ്ധമായാണ് ഇയാൾ ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ അംഗമായ ഇയാൾ കൊലക്കേസിൽ പെട്ടാണ് ജയിലിലായത്. വധഭീഷണി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.
പ്രതിയിൽ നിന്ന് ഒരു ഡയറി കണ്ടെടുത്തിട്ടുണ്ടെന്നും, ഇതിന്മേൽ അന്വേഷണം നടത്തുമെന്നും ജയിൽ അധികൃതരും വ്യക്തമാക്കി. നാഗ്പൂർ പോലീസ് ബെലഗാവിയിലേക്ക് പോയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ നാഗ്പൂരിലെത്തിക്കും. ഇതിന് അനുമതി തേടി സംസ്ഥാന സർക്കാരിനേയും നാഗപൂർ പോലീസ് ബന്ധപ്പെട്ടു കഴിഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് ഗഡ്കരിയുടെ ഓഫീസിലെ ലാൻഡ്ലൈൻ നമ്പറിലേക്ക് വധഭീഷണി സന്ദേശം എത്തിയത്. 11.25, 11.32, 12.32 എന്നിങ്ങനെ മൂന്ന് തവണയായിട്ടാണ് ഫോൺ കോളുകൾ എത്തിയത്. താൻ ദാവൂദിന്റെ സംഘത്തിലെ അംഗമാണെന്നും തനിക്ക് 100 എത്രയും വേഗം കൈമാറണമെന്നുമാണ് ഇയാൾ പറഞ്ഞത്. ആവശ്യം അംഗീകരിക്കാത്ത പക്ഷം ഗഡ്കരിയെ ബോംബ് എറിഞ്ഞ് കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. അതേസമയം ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ നിതിൻ ഗഡ്കരിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
Discussion about this post