ഇസ്ലാമാബാദ് : മറ്റ് രാജ്യങ്ങളിൽ നിന്ന് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നുവെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സാമ്പത്തിക മാന്ദ്യം മൂലം ബുദ്ധിമുട്ടുന്ന പാകിസ്താനെ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിക്കുന്നുണ്ട്. ഇതിന് നന്ദി പറഞ്ഞ ഷെഹബാസ്, കടം വാങ്ങൽ ഒരു പോംവഴിയല്ലെന്നും അത് വീട്ടാനുള്ളതാണെന്നും പറഞ്ഞു. പാകിസ്താൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ പ്രൊബേഷനറി ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരിപാടിയിലാണ് ഷെഹബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ എല്ലാവരും ആത്മാർത്ഥമായി പ്രവർത്തിക്കണം. ദാരിദ്ര്യം, തൊഴിലില്ലായ്മ, മാറാ രോഗങ്ങൾ, നിരക്ഷരത എന്നിവയാണ് പാകിസ്താൻ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ. 75 വർഷത്തോളമായി ഈ അവസ്ഥ തുടരുകയാണെന്നും രാജ്യത്തെ പട്ടിണിയിൽ നിന്ന് കരകേറ്റാൻ ഒരു നേതാവിനും സാധിച്ചിട്ടില്ലെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
സൗദി അറേബ്യയും യുഎഇയും പാകിസ്താനെ സാമ്പത്തികമായ നിരന്തരം സഹായിക്കുന്നുണ്ട്. എന്നാൽ ദരിദ്രരുടെ എണ്ണം വർദ്ധിക്കുകയല്ലാതെ, രാജ്യം മെച്ചപ്പെട്ടുവരുന്ന ലക്ഷണങ്ങളൊന്നും ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. അഴിമതിയും തീവ്രവാദവുമാണ് പാകിസ്താനെ മുഴുപ്പട്ടിണിയിലാക്കുന്നത് എന്നാണ് വിലയിരുത്തൽ.
ഷെഹബാസ് ഷെരീഫിന്റെ യുഎഇ സന്ദർശനത്തിനിടെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഒരു ബില്യൺ യുഎസ് ഡോളർ കടമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം രാജ്യത്ത് നടത്താമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇനിയും മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ നിന്ന് യാചിക്കേണ്ട അവസ്ഥയാണ് പാകിസ്താന്.
Discussion about this post