ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരായ ഹർജികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ഏറ്റെടുത്തു. ജസ്റ്റിസ് ഷാ അദ്ധ്യക്ഷനായ ബെഞ്ചിൽ നിന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജികൾ ഏറ്റെടുത്തിരിക്കുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായ സമർപ്പിച്ച ഹർജിയും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഏറ്റെടുത്തിട്ടുണ്ട്.
രാജ്യത്ത് മതപരിവർത്തനങ്ങൾ സാർവത്രികമായി നടക്കുന്നു. ഇവയിൽ ഭൂരിഭാഗവും നിരബന്ധിതവും വാഗ്ദാനങ്ങൾ നൽകിയും ഉള്ളവയാണെന്ന് ഹർജികളിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജികൾ പരിശോധിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, വാദം കേൾക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റി. നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്ന ഹർജികളിൽ ഒരുമിച്ച് വാദം കേൾക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.
ഹർജികൾ നേരത്തേ പരിഗണിച്ച ജസ്റ്റിസ് ഷാ, വിഷയം ഗൗരവതരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തിൽ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ സഹായവും സുപ്രീം കോടതി തേടിയിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിലും മറ്റും മതപരിവർത്തനങ്ങൾ നടക്കുന്നത് അധാർമികമാണെന്ന് നേരത്തേ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് എം ആർ ഷായും ജസ്റ്റിസ് സി ടി രവികുമാറും അഭിപ്രായപ്പെട്ടിരുന്നു. നിർബന്ധിതവും വാഗ്ദാനങ്ങൾ നല്കിയുമുള്ള മതപരിവർത്തനങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ രാഷ്ട്രീയ നിറം കലർത്തരുതെന്ന് തമിഴ്നാട് സർക്കാരിനോട് കോടതി ശക്തമായ ഭാഷയിൽ നിർദേശിച്ചിരുന്നു.
Discussion about this post