ഇസ്ലാമാബാദ്: പാകിസ്താനിൽ ബാലവിവാഹവും നിർബന്ധിത മതപരിവർത്തനവും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടപെട്ട് ഐക്യരാഷ്ട്രസഭ.പാകിസ്താനിലെ മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നിർബന്ധിത വിവാഹങ്ങളും മതപരിവർത്തനങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ യുഎൻ ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രവണതകൾ ഒഴിവാക്കാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും അടിയന്തര ശ്രമങ്ങൾ നടത്തണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
‘ആഭ്യന്തര നിയമനിർമ്മാണങ്ങൾക്കും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രതിബദ്ധതകൾക്കും അനുസൃതമായും വസ്തുനിഷ്ഠമായും ഈ പ്രവൃത്തികൾ തടയുന്നതിനും സമഗ്രമായി അന്വേഷിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് യുഎൻ വ്യക്തമാക്കി.
13 വയസും അതിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ അവരുടെ കുടുംബത്തിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും ദൂരെയുള്ള സ്ഥലങ്ങളിലേക്ക് കടത്തുകയും പലപ്പോഴും അവരുടെ ഇരട്ടി പ്രായമുള്ള പുരുഷന്മാരെ വിവാഹം കഴിക്കുകയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു, എല്ലാം അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇതിൽ തങ്ങൾ വളരെയധികം വിഷമിക്കുന്നുവെന്ന് യുഎൻ ചൂണ്ടിക്കാട്ടി. ഇത്തരം വിവാഹങ്ങളും മതപരിവർത്തനങ്ങളും ഈ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അല്ലെങ്കിൽ അവരുടെ കുടുംബങ്ങൾക്കും നേരെയുള്ള അക്രമവും നടക്കുന്നതിൽ തങ്ങൾ വളരെ ആശങ്കാകുലരാണെന്ന് യുഎൻ കൂട്ടിച്ചേർത്തു.
യുഎൻ മനുഷ്യാവകാശ സംഘടന പറയുന്നതനുസരിച്ച്, ശൈശവവിവാഹങ്ങളും മതപരിവർത്തനങ്ങളും നടക്കുന്നത് മത അധികാരികളുടെ പങ്കാളിത്തത്തോടെയും സുരക്ഷാ സേനയുടെയും നീതിന്യായ വ്യവസ്ഥയുടെയും പങ്കാളിത്തത്തോടെയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനെതിരെ നിയമനിർമ്മാണം നടത്തണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
Discussion about this post