ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി ബിജെപി. ട്രാക്ടറുകളെ വാണിജ്യ വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കെജ്രിവാൾ സർക്കാരിന്റെ നീക്കമാണ് പ്രതിഷേധങ്ങൾക്കിടയാക്കുന്നത്. ട്രാക്ടറുകൾ വാണിജ്യ വാഹനങ്ങളായി വിജ്ഞാപനം ചെയ്യപ്പെട്ടതോടെ കർഷകർ റോഡ് നികുതി ഇനത്തിൽ മുപ്പതിനായിരം രൂപ വീതം സർക്കാരിന് നൽകേണ്ടി വരും.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വാണിജ്യ ആവശ്യങ്ങൾക്കായി തുച്ഛമായ തുകയ്ക്കാണ് സർക്കാർ കാർഷിക ഭൂമി ഏറ്റെടുത്തിരിക്കുന്നത്. കെജ്രിവാൾ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധൂരിയും ബിജെപി എം എൽ എ ഓം പ്രകാശ് ശർമ്മയും പറഞ്ഞു.
കർഷകവിരുദ്ധ നയങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ആം ആദ്മി പാർട്ടി സർക്കാർ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി. പ്രതിഷേധം ഡൽഹിക്ക് പുറത്ത് പഞ്ചാബിലേക്കും വ്യാപിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി.
Discussion about this post