മുംബൈ: ഒരു മതേതര ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് പൊതു സിവില്‍ കോഡ് അനിവാര്യമാണെന്ന് ചരിത്രകാരി റോമില ഥാപ്പര്‍. ഇന്ത്യയിലെ സമൂഹഘടന മതേതരത്വം ശരിയായ രീതിയില്‍ ഇതുവരെ ഉള്‍ക്കൊണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.
എല്ലാ പൗരന്മാര്ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതില്‍ ഇത് പ്രധാനമാണ്. മതം ജീവിതത്തിലെ ഓരോഘട്ടത്തിലും അധികാരം സ്ഥാപിച്ചുകൊണ്ട് എല്ലാ മനുഷ്യാവകാശങ്ങളിലും കൈകടത്തുകയാണ്-അവര്‍ പറഞ്ഞു.
മുംബൈയിലെ കെ.സി കോളേജില്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജനനം, മരണം, വിവാഹം, വിവാഹ മോചനം, എന്നിവയ്ക്കെല്ലാം മതങ്ങള്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്.
അതേ സമയം ഖാപ്പ് പഞ്ചായത്തുകള്‍ പോലുള്ള പ്രാകൃത സമ്പ്രദായങ്ങളും മതപരവും ജാതിപരവുമായി നിലനില്‍ക്കുന്ന അസമത്വങ്ങളും വിഷയമാണ്. നമ്മള് വെറുതെ മതേതര മുദ്രാവാക്യങ്ങള്‍ ഉരുവിടുകയാണ് എന്നും അവര്‍ പറഞ്ഞു.
Discussion about this post