അഹമ്മദാബാദ് : എല്ലാ പ്രണയവും സന്തോഷത്തിൽ കലാശിക്കാറില്ല .ചില പ്രണയങ്ങൾ നൊമ്പരമായി അവശേഷിക്കും . അത്തരമൊരു പ്രണയമാണ് ആദിവാസി സമൂഹത്തിൽ നിന്നുള്ള ഗണേഷ് പദ്വിയുടെയും, രഞ്ജന പദ്വിയുടെയും. ഇരുവരും തമ്മിലുള്ള ബന്ധത്തിന് വീട്ടുകാരാണ് എതിർപ്പ് പ്രകടിപ്പിച്ചത് . തുടർന്ന് ഇവർ ജീവനൊടുക്കി . എന്നാൽ ഇവരുടെ മരണശേഷം കുറ്റബോധം കൊണ്ട് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇരുവരുടെയും പ്രതിമകൾ ഉണ്ടാക്കി വിവാഹം കഴിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ താപിയിലാണ് അപൂർവമായ വിവാഹം നടന്നത്. ആത്മഹത്യ ചെയ്ത യുവാവിന്റെയും, യുവതിയുടെയും ഈ വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. മരിച്ച കമിതാക്കളുടെ അവസാന ആഗ്രഹം പൂർത്തീകരിക്കുന്നതിനൊപ്പം, പശ്ചാത്തപിക്കാനുള്ള അവസരവുമുണ്ടാക്കുകയാണ് ബന്ധുക്കൾ.
താപിയിലെ നിജാർ താലൂക്കിലെ ന്യൂവാല ഗ്രാമത്തിലായിരുന്നു വിവാഹം. ആദിവാസി സമൂഹത്തിൽ നിന്നുള്ള ഗണേഷ് പദ്വിയും രഞ്ജന പദ്വിയും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബന്ധുക്കൾ ഈ ബന്ധം അംഗീകരിച്ചില്ല. 2022 ഓഗസ്റ്റിലാണ് ഇരുവരെയും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇപ്പോൾ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇരുവരുടെയും വിഗ്രഹങ്ങൾ ഉണ്ടാക്കി വിവാഹം കഴിപ്പിച്ചിരിക്കുകയാണ്. ഗോത്ര ആചാരങ്ങളോടെയായിരുന്നു ഈ വിവാഹം. ഇരുവരുടെയും അവസാന ആഗ്രഹം സഫലമാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് സൂചന.
ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാവ് അലഞ്ഞുതിരിയുമെന്ന വിശ്വാസമാണ് പദ്വി ഗോത്ര വിഭാഗത്തിലുള്ളത്. ഇതോടെയാണ് ഇരുവരുടെയും ആത്മശാന്തിക്കായി പ്രതിമകളുണ്ടാക്കി ആത്മാക്കളെ വിവാഹം കഴിപ്പിക്കാൻ ഇരുവരുടെയും കുടുംബാംഗങ്ങൾ തീരുമാനിച്ചത് . സംഭവം നടന്ന് 6 മാസങ്ങൾക്ക് ശേഷമാണ് ഗണപതിയുടെയും രഞ്ജനയുടെയും പ്രതിമകൾ നിർമ്മിച്ചത്. വിവാഹ കാർഡും അച്ചടിച്ചു. 2023 ജനുവരി 14 ന് ഗണേശന്റെ ഘോഷയാത്ര പഴയ നെവാല ഗ്രാമത്തിലെത്തി. തുടർന്ന് രഞ്ജനയുടെ വീട്ടിൽ ഗണേശിന്റെ പ്രതിമ സ്ഥാപിച്ചു. ഏഴു പ്രദക്ഷിണങ്ങൾ ഒഴികെയുള്ള എല്ലാ ആചാരങ്ങളും ആദിവാസി സമൂഹത്തിന്റെ ആചാരപ്രകാരമായിരുന്നു.
വിവാഹശേഷം വധുവിന്റെ യാത്രയയപ്പും നടന്നു. ഗണേശനൊപ്പം രഞ്ജനയുടെ വിഗ്രഹവും ഗണേശന്റെ ഗ്രാമത്തിലെത്തിച്ചു . ഇതോടനുബന്ധിച്ച് വിരുന്നും സംഘടിപ്പിച്ചിരുന്നു. ഇരുവരുടെയും വിഗ്രഹപ്രതിഷ്ഠ നടത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ആത്മശാന്തിക്കായി പ്രാർഥനയും നടത്തി. ഇരുവരുടെയും പ്രതിമകൾ ഗ്രാമത്തിന്റെ നടുവിൽ സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post