ന്യൂഡൽഹി: ചൈനയും പാകിസ്താനും ശ്രീലങ്കയും ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഉയരുകയാണെന്നാണ് റിസർവ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 572 ബില്ല്യൺ അമേരിക്കൻ ഡോളറായി ഉയർന്നിരിക്കുകയാണെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ജനുവരി 6ന് അവസാനിച്ച പുതുവർഷത്തിലെ ആദ്യവാര കണക്കുകൾ പ്രകാരം വിദേശനാണ്യ കരുതൽ ശേഖരം 561.58 ബില്ല്യൺ ഡോളറായിരുന്നു.
ജനുവരി 13ലെ വാരാന്ത്യ കണക്കുകൾ പ്രകാരം രൂപയുടെ അന്താരാഷ്ട്ര വാണിജ്യ നിലവാരവും മികച്ച നിലയിലാണ്. സമയാസമയങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന റിസർവ് ബാങ്കിന്റെയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും കൃത്യമായ ഇടപെടലുകളാണ് സാമ്പത്തിക രംഗം ഭദ്രമായി നിലനിൽക്കാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ശ്രീലങ്കയ്ക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ശ്രീലങ്കൻ സർക്കാരുമായി കരാർ ഒപ്പിട്ടു. 300 മില്ല്യണിൽ നിന്നും 600 മില്ല്യണായാണ് സാമ്പത്തിക സഹായം ഉയർത്തിയിരിക്കുന്നത്. ശ്രീലങ്കയിലെ ഗോൾ, കാൻഡി എന്നിവിടങ്ങളിൽ ഇന്ത്യൻ സർക്കാർ നിർമ്മിച്ചു നൽകിയ 300 വീടുകളുടെ താക്കോലും വിദേശകാര്യ മന്ത്രി ശ്രീലങ്കൻ സർക്കാരിന് കൈമാറി.
കൂടാതെ, അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും ശ്രീലങ്കയ്ക്ക് അനുവദിച്ച 2.9 ബില്ല്യൺ ഡോളർ വായ്പയ്ക്ക് ഈട് നിൽക്കാൻ സാമ്പത്തിക ഭദ്രതയുള്ള മറ്റ് രാജ്യങ്ങൾ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ, ഇന്ത്യ അതിന് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യയുടെ നടപടിയെ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ പ്രശംസിച്ചു. ഇന്ത്യൻ സർക്കാരിന്റെ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നതായി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും കേന്ദ്ര മന്ത്രി ഷേഹാൻ സെമസിംഗെയും അറിയിച്ചു.







