കൊൽക്കത്ത: പശ്ചിമ ബംഗാളിനെ പിടിച്ചുലച്ച അദ്ധ്യാപക നിയമന അഴിമതിയിൽ ശക്തമായ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം നേതാവ് കുന്തൾ ഘോഷിനെ ഇഡി അറസ്റ്റ് ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയാണ് കുന്തൾ ഘോഷ്.
ചിനാർ പാർക്കിലെ തന്റെ പുതിയ വീട്ടിൽ നിന്നുമാണ് കുന്തൾ ഘോഷിനെ ഇഡി അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ മുതൽ ഇഡി ഇയാളെ ചോദ്യം ചെയ്ത് വരികയായിരുന്നു. മൊഴികളിൽ വൈരുദ്ധ്യം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
കുന്തൾ ഘോഷിന്റെ വീട്ടിൽ നിന്നും അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കണ്ടെടുത്തു. അദ്ധ്യാപക നിയമന അഴിമതിയിൽ അന്വേഷണം നടത്തുന്ന സിബിഐയും കുന്തൾ ഘോഷിനെ നേരത്തേ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.
അഴിമതി നടന്ന കാലയളവിൽ കുന്തൾ ഘോഷ് 19 കോടി രൂപയുടെ അനധികൃത വരുമാനമുണ്ടാക്കിയതായി സ്വകാര്യ അദ്ധ്യാപക പരിശീലന കേന്ദ്രം പ്രസിഡന്റ് തപസ് മണ്ഡൽ സിബിഐക്ക് മൊഴി നൽകിയിരുന്നു.












