കൊല്ലം : കാറ്റ് നിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരപരിക്ക്. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്. ഊരിക്കൊണ്ടുവന്ന ടയറിലേക്ക് യന്ത്രസഹായത്തോടെ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് അപകടം നടന്നത്.
ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ ടയർ കടയിലാണ് സംഭവം. ടയറിന് കാറ്റടിക്കാൻ എത്തിയപ്പോൾ കടയിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ഇതോടെ യന്ത്രം സ്വന്തമായി പ്രവർത്തിപ്പിച്ച് ഫൈസൽ കാറ്റ് നിറയ്ക്കാൻ തുടങ്ങി. അളവിൽ കൂടുതലായി കാറ്റ് കയറിയതോടെ ഇത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഫൈസലിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുഖത്തെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.












