ബംഗളൂരു: ഭഗവാൻ ശ്രീരാമനെതിരെ അധിക്ഷേപ പരാമർശവുമായി സാഹിത്യകാരൻ. വിരമിച്ച പ്രൊഫസറും സാഹിത്യകാരനുമായ കെ.എസ് ഭഗവാനാണ് അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നത്. സംഭവത്തിൽ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ശ്രീരാമൻ മദ്യപാനിയായിരുന്നുവെന്ന് പറഞ്ഞായിരുന്നു ശ്രീരാമനെ ഭഗവാൻ അധിക്ഷേപിച്ചത്. ഇവിടെ രാമരാജ്യം നിർമ്മിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ വാത്മീകി രാമായണത്തിലെ ഉത്തരാകാണ്ഡം വായിച്ചാൽ രാമനെ മാതൃകാ പുരുഷനായി പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാകും. രാമൻ ഒരിക്കലും 11,000 വർഷം രാജ്യം ഭരിച്ചിട്ടില്ല. ഇതിന് തെളിവുമില്ല. എന്നാൽ രാമൻ 11 വർഷം സീതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ സീതയ്‌ക്കൊപ്പം കഴിയുന്ന രാമൻ ഉച്ചയ്ക്ക് ശേഷം മദ്യപിച്ച് കറങ്ങി നടക്കും. ഒരിക്കലും സീതയെക്കുറിച്ച് രാമൻ ചിന്തിച്ചിരുന്നില്ല. ഇങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് മാതൃകാ പുരുഷനായി കണക്കാക്കാൻ കഴിയുകയെന്നും ഭഗവാൻ ചോദിച്ചു.
പൊതുപരിപാടിയ്ക്കിടെ ഭഗവാൻ നടത്തിയ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. രാമനെ അധിക്ഷേപിച്ച ഭഗവാൻ തന്റെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ബിജെപിയുടെ മുന്നറിയിപ്പുണ്ട്.
ഇതിന് മുൻപും നിരവധി തവണ ഹിന്ദു മതത്തെയും ദൈവങ്ങളെയും അധിക്ഷേപിച്ച് ഭഗവാൻ രംഗത്ത് എത്തിയിട്ടുണ്ട്. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തെറ്റായി വ്യാഖ്യാനം ചെയ്തിരിക്കുന്ന അദ്ദേഹത്തിന്റെ ‘ രാമ മന്ദിരാ യേക്കേ ബെഡാ’ ഏറെ വിവാദമായിരുന്നു.










