ലക്‌നൗ: ഭർത്താവിനെ ചൊല്ലിയുള്ള ഭാര്യമാരുടെ തർക്കത്തിന് രസകരമായ പ്രതിവിധിയുണ്ടാക്കി സാമൂഹിക സംഘടന. മെറാദാബാദ് സ്വദേശിനികളുടെ പ്രശ്‌നത്തിനാണ് നാരി ഉത്തൻ കേന്ദ്ര പരിഹാരം കണ്ടത്. സംഘടനയുടെ നിർദ്ദേശം അംഗീകരിച്ച യുവതികൾ ഭർത്താവുമായി ഭർതൃ വീട്ടിലേക്ക് മടങ്ങി.
വാടക വീട്ടിൽ താമസിക്കുന്ന രണ്ടാം ഭാര്യ ഭർത്താവ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാത്തതിന്റെ കാരണം അന്വേഷിച്ചിറങ്ങിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ ആരംഭം. 2017 ലായിരുന്നു യുവാവ് രണ്ടാം വിവാഹം ചെയ്തത്. ഇതിൽ ഒരു മകളും ഇവർക്കുണ്ട്. എന്നാൽ വർഷങ്ങൾ കഴിഞ്ഞും യുവതിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല. ഇതോടെ യുവതി യുവാവിന്റെ വീട് അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.
വീട്ടിലെത്തിയപ്പോഴാണ് യുവാവിന് ഭാര്യയും മൂന്ന് മക്കളുമുള്ളതായി യുവതി അറിയുന്നത്. ഇതോടെ പോലീസിൽ പരാതി നൽകി. പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് വിഷയം സർക്കാർ ഇതര സാമൂഹിക സംഘടനയായ നാരി ഉത്തൻ കേന്ദ്രയ്ക്ക് പോലീസ് കൈമാറി.
ഇരുവരും ഭർത്താക്കന്മാരെ വിട്ട് കൊടുക്കില്ലെന്ന നിലപാടിലായിരുന്നു. ഇതോടെ ആഴ്ചയിൽ മൂന്ന് ദിവസം വീതം യുവാവ് ഭാര്യമാർക്കൊപ്പം നിൽക്കട്ടേയെന്ന് സംഘടന നിർദ്ദേശിച്ചു. തിങ്കൾ മുതൽ ബുധൻ വരെ യുവാവിനോട് ആദ്യ ഭാര്യയ്‌ക്കൊപ്പം കഴിയാൻ നിർദ്ദേശിച്ച സംഘടനാ പ്രവർത്തകർ വ്യാഴം മുതൽ ശനിവരെ രണ്ടാമത്തെ ഭാര്യയ്ക്ക് ഒപ്പമുണ്ടാകണമെന്നും പറഞ്ഞു. ഞായറാഴ്ച ഇരുവരെയും ഫോണിൽ വിളിച്ച് ക്ഷേമം അന്വേഷിച്ചാൽ മതിയെന്നും സംഘടന നിർദ്ദേശിച്ചു.
ഈ പരിഹാര മാർഗ്ഗം അംഗീകരിച്ച ഭാര്യമാർ ഇതുമായി ബന്ധപ്പെട്ട കരാറിലും ഒപ്പുവെച്ചു. തുടർന്ന് ഭർത്താവിനൊപ്പം മടങ്ങുകയായിരുന്നു.








