മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഫട്ടോർഡയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ് സി ഗോവ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
മുപ്പത്തിനാലാം മിനിറ്റിലായിരുന്നു ഗോവയുടെ ആദ്യ ഗോൾ. ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ഡൽ വഴങ്ങിയ പെനാൽറ്റിയിൽ നിന്നുമായിരുന്നു ഗോവയുടെ ആദ്യ ഗോൾ പിറന്നത്. നാൽപ്പത്തിരണ്ടാം മിനിറ്റിൽ ഗോവ രണ്ടാം ഗോൾ നേടി.
അൻപതാം മിനിറ്റിൽ സൂപ്പർ താരം ദിമിത്രി ദിയാമെന്റാക്കോസിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ. സെറ്റ് പീസിൽ നിന്നും അഡ്രിയാൻ ലൂണയുടെ ക്രോസ് ഗംഭീരമായ ഒരു ഹെഡ്ഡറിലൂടെ ദിയാമെന്റാക്കോസ് ഗോളാക്കി മാറ്റുകയായിരുന്നു. അറുപത്തിയെട്ടാം മിനിറ്റിൽ റിഡീം ട്ലാംഗാണ് ഗോവയുടെ മൂന്നാം ഗോൾ നേടിയത്.
ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും, ലീഗിൽ 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ചാം സ്ഥാനത്താണ് ഗോവ.
Discussion about this post