ബംഗളൂരു: ഫ്‌ളൈഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് യുവാവ്. ബംഗളൂരുവിലെ കെആർ മാർക്കറ്റിലെ ഫ്‌ളൈഓവറിനു താഴെയുള്ള ആൾക്കൂട്ടത്തിലേക്കാണ് യുവാവ് നോട്ടുകൾ വീശിയെറിഞ്ഞത്. ഇതോടെ നോട്ടുകൾ വാരിക്കൂട്ടാൻ ജനങ്ങൾ ഓടിക്കൂടി. ജനം കൂട്ടം കൂടി നിന്നതോടെ കുറച്ച് സമയത്തേക്ക് നഗരത്തിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
കോട്ടും പാന്റും ധരിച്ച് കയ്യിൽ സാമാന്യം വലുപ്പമുള്ള ക്ലോക്കുമായാണ് യുവാവ് എത്തിയത്. പെട്ടെന്ന് നോട്ടുകൾ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഇതോട ആളുകൾ നോട്ട് പെറുക്കാൻ ഓടിക്കൂടുകയും വാഹനങ്ങൾ വരെ നിർത്തി പണം ചോദിക്കുകയുമായിരുന്നു.
ആരാണ് ഈ യുവാവെന്നും എന്തിനാണ് ഇങ്ങനെ ചെയ്‌തെന്നും വ്യക്തമല്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും യുവാവ് പോയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










