ന്യൂഡൽഹി : 2016 ലെ ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെതിരെ വിവാദ പരാമർശം നടത്തിയ മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിനെ കോൺഗ്രസ് നേതൃത്വം തളളിയിരുന്നു. ദിഗ് വിജയ് സിംഗ് നടത്തിയ പരാമർശങ്ങളോട് കോൺഗ്രസ് വിയോജിക്കുന്നുവെന്നായിരുന്നു നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതോടെ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദിഗ് വിജയ് സിംഗ്. സൈന്യത്തിനെതിരെ ആയിരുന്നില്ല ബിജെപിക്കെതിരെയാണ് താൻ സംസാരിച്ചത് എന്നാണ് സിംഗ് അവകാശപ്പെടുന്നത്.
”ഇന്ത്യൻ സായുധ സേനയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നുണ്ട്. എന്റെ രണ്ട് സഹോദരിമാർ നാവിക ഉദ്യോഗസ്ഥരെയാണ് വിവാഹം കഴിച്ചത്. സൈനികരോടല്ല ഞാൻ ചോദ്യങ്ങളും തെളിവുകളും ചോദിച്ചത്. ഇത് മോദി സർക്കാരിനോടാണ്” എന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു.
സർജിക്കൽ സ്‌ട്രൈക്കിനെതിരെ ഉന്നയിച്ച ചോദ്യങ്ങൾ വിവാദമായതോടെയാണ് ദിഗ് വിജയ് സിംഗ് വിശദീകരണവുമായി രംഗത്തെത്തിയത്. ‘നമ്മുടെ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച മാപ്പർഹിക്കാത്ത രഹസ്യാന്വേഷണ പരാജയത്തിന് ആരാണ് ഉത്തരവാദി? ഭീകരന് 300 കിലോ ആർഡിഎക്സ് എവിടെ നിന്ന് ലഭിക്കും? സിആർപിഎഫ് ഉദ്യോഗസ്ഥരെ എയർലിഫ്റ്റ് ചെയ്യാനുള്ള അഭ്യർത്ഥന എന്തുകൊണ്ട് നിരസിക്കപ്പെട്ടു,” എന്നിവയായിരുന്നു ദിഗ് വിജയ് സിംഗിന്റെ ചോദ്യങ്ങൾ.
ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് ദിഗ് വിജയ് സിംഗ് സർജിക്കൽ സ്ട്രൈക്കിനെ ചോദ്യം ചെയ്തത്. സർക്കാർ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് സിംഗ് ആരോപിച്ചിരുന്നു.
ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ കോൺഗ്രസ് നേതൃത്വം ദിഗ് വിജയ് സിംഗിനെ തള്ളി. സായുധ സേന അവരുടെ ജോലി ‘അസാധാരണമായി’ ചെയ്യുന്നുണ്ടെന്നും അതിന് ഒരു തെളിവും നൽകേണ്ടതില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.










