മുംബൈ: ബിസിസിഐ വനിതാ ഐപിഎൽ ഫ്രാഞ്ചൈസികളുടെ ലേലത്തിന് ലഭിച്ചത് ആവേശകരമായ പ്രതികരണം. അഞ്ച് ടീമുകളുടെ ലേലമാണ് ഇന്ന് നടന്നത്. അദാനി ഗ്രൂപ്പിന്റെ അദാനി സ്‌പോർട്‌സ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റവും കൂടിയ തുകയ്ക്ക് ടീമിനെ സ്വന്തമാക്കിയത്. 1289 കോടി രൂപയ്ക്ക് അഹമ്മദാബാദ് ടീമിനെയാണ് അദാനി സ്‌പോർട്‌സ് ലൈൻ സ്വന്തമാക്കിയത്.
2008 ൽ നടന്ന ആദ്യ ഐപിഎൽ ഫ്രാഞ്ചൈസി ലേലത്തെ കടത്തിവെട്ടുന്ന പ്രതികരണമാണ് വനിതാ ഐപിഎല്ലിന് ലഭിച്ചത്. ഇതുവരെ സ്വന്തമാക്കിയ ടീമുകളുടെ ലേലമൂല്യം 4669.99 കോടി രൂപ വരുമെന്ന് ബിസിസിഐ അറിയിച്ചു. മുംബൈ ടീമിനെ സ്വന്തമാക്കിയത് ഇന്ത്യ വിൻ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. 912.99 കോടി രൂപയ്ക്കായിരുന്നു ലേലം ഉറപ്പിച്ചത്.
ബംഗളൂരു ടീമിനെ റോയൽ ചലഞ്ചേഴ്‌സ് സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടി രൂപയ്ക്കും, ഡൽഹി ടീമിനെ ജെഎസ്ഡബ്ല്യു, ജിഎംആർ പ്രൈവറ്റ് ലിമിറ്റഡ് 810 കോടി രൂപയ്ക്കും ലക്‌നൗ ടീമിനെ കാപ്രി ഗ്ലോബൽ ഹോൾഡിങ്‌സ് ലിമിറ്റഡ് 757 കോടി രൂപയ്ക്കുമാണ് സ്വന്തമാക്കിയത്.
മൂന്ന് ടീമുകൾ പുരുഷ ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥരാണ്. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപ്പിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബംഗലൂരു എന്നീ ടീമുകളുടെ ഉടമസ്ഥരാണ് വനിതാ ടീമുകളെയും സ്വന്തമാക്കിയത്.
വനിതാ ഐപിഎൽ ടൂർണമെന്റിന്റെ വരവ് വനിതാ ക്രിക്കറ്റിനെ ഉടച്ചുവാർക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ലേലത്തുക കുതിച്ചുകയറിയത് വനിതാ ക്രിക്കറ്റിന്റെ വിപ്ലവകരമായ മാറ്റത്തിന്റെ തുടർച്ചയാണെന്നും ജയ് ഷാ ചൂണ്ടിക്കാട്ടി.
Discussion about this post