ന്യൂഡൽഹി: നാല് മലയാളികൾ ഉൾപ്പെടെ 106 പേർക്ക് പദ്മ പുരസ്‌കാരം. ചരിത്രകാരൻ ഡോ. സി. ഐ. ഐസക്, ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, കളരി ആശാൻ എസ് ആർ ഡി. പ്രസാദ്, നെൽവിത്ത് കർഷകൻ ചെറുവയൽ രാമൻ എന്നിവർക്കാണ് കേരളത്തിൽ നിന്നും പുരസ്‌കാരം ലഭിച്ചത്. നാല് പേർക്കും പദ്മശ്രീയാണ് ലഭിച്ചത്.
ആറ് പേരാണ് പദ്മവിഭൂഷണ് അർഹരായത്. ഒആർഎസ് ലായനി വികസിപ്പിച്ച ദിലീപ് മഹലാനബിസിനാണ് പദ്മവിഭൂഷൻ. ഇതിന് പുറമേ അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനും പദ്മവിഭൂഷൻ ലഭിച്ചു. 20ാം നൂറ്റാണ്ടിൽ വൈദ്യ ശാസ്ത്ര രംഗത്ത് വിപ്ലവം ഉണ്ടാക്കിയ കണ്ടുപിടിത്തം ആയിരുന്നു ഒആർഎസ് ലായനിയുടേത്.
ആറ് പേർ പദ്മ ഭൂഷണ് അർഹരായി. 91 പേരാണ് പദ്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. ഇതിൽ 19 പേർ വനിതകളാണ്. ഏഴ് പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നൽകിയിരിക്കുന്നത്. സംഗീത മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് വാണി ജയറാമിന് പദ്മഭൂഷൺ ലഭിച്ചു.
പയ്യന്നൂർ സ്വദേശിയായ വിപി അപ്പുക്കുട്ടൻ പൊതുവാൾ സ്വാതന്ത്ര്യ സമര സേനാനിയാണ്. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സംസ്‌കൃത പണ്ഡിതൻ കൂടിയായ അദ്ദേഹം കഴിഞ്ഞ എട്ട് പതിറ്റാണ്ടായി പിന്നോക്ക വിഭാഗത്തിന്റെ ഉയർച്ചയ്ക്കായി പ്രവർത്തിച്ചുവരികയാണ്. സാഹിത്യ- വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്കാണ് സിഐ ഐസക്കിന് പുരസ്‌കാരം ലഭിച്ചത്. കായിക മേഖലയിലെ സംഭാവനകൾ എസ്ആർഡി പ്രസാദിനെ പുരസ്‌കാരത്തിന് അർഹരാക്കി. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ചെറുവയൽ കെ. രാമന് പുരസ്‌കാരം നേടിക്കൊടുത്തത്.
Discussion about this post