ശ്രീനഗർ: 74ാം റിപ്പബ്ലിക് ദിനത്തിൽ വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി മുൻ ഭീകരൻ. ഹർകത് ഉൽ ജിഹാദ് അൽ ഇസ്ലാം എന്ന ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന ഷേർ ഖാൻ ആണ് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ രാജ്യത്തിനൊപ്പം പങ്കാളിയായത്. ഇനിയുള്ള കാലം തന്റെ ജീവിതം രാജ്യത്തിന് വേണ്ടി മാത്രമായിരിക്കുമെന്ന് ഷേർ ഖാൻ പറഞ്ഞു.
ആദ്യമായാണ് വീട്ടിൽ ഷേർ ഖാൻ ദേശീയ പതാക ഉയർത്തുന്നത്. കഴിഞ്ഞ വർഷവും അതിന് മുൻപുള്ള വർഷവും മുഗൾ മൈതാനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇയാൾ പങ്കുകൊണ്ടിരുന്നു. ത്രിവർണ പതാക കയ്യിലേന്തി നിൽക്കുന്ന ചിത്രങ്ങൾ ഷേർ ഖാൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
1998 ലാണ് ഷേർ ഖാൻ ഭീകര സംഘടനയിൽ ചേർന്നത്. ജമ്മു കശ്മീരിലുണ്ടായ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. തുടർന്ന് 2006 ൽ ഇയാൾ ജമ്മു കശ്മീരിൽ പോലീസിന് മുൻപിൽ കീഴടങ്ങുകയായിരുന്നു. 13 വർഷം നീണ്ട ജയിൽ വാസത്തിന് ശേഷം 2019 ൽ ഇയാൾ മോചിതനായി. ഇതിന് ശേഷം ജമ്മു കശ്മീരിൽ വിവിധ ജോലികൾ ചെയ്താണ് ഷേർ ഖാൻ കഴിയുന്നത്.
കിഷ്ത്വാർ മേഖലയിലെ സെഗ്ഡി ഭട്ട ഗ്രാമത്തിൽ രണ്ടാം ഭാര്യയ്ക്ക് ഒപ്പമാണ് ഷേർ ഖാന്റെ താമസം. ഇവർക്ക് 19 ഉം 17 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്. പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷേർ ഖാന്റെ ഭാര്യ മകനൊപ്പം നാടുവിടുകയായിരുന്നു.
രാജ്യത്തിന്റെ ഉയർച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി തന്റെ ജീവിതം സമർപ്പിക്കുകയാണെന്ന് ഷേർ ഖാൻ പറഞ്ഞു. ജയിലിൽ നിന്നും വന്ന ശേഷം മുഗൾ മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. ആദ്യമായാണ് വീട്ടിൽ ത്രിവർണ പതാക ഉയർത്തുന്നത്. ഭീകരവാദം തന്റെ ജീവിതം മാത്രമല്ല കുടുംബവും തകർത്തു. ആരും ഭീകര സംഘടനകളിലേക്ക് ആകർഷിക്കപ്പെടരുതെന്നും ഷേർ ഖാൻ അഭ്യർത്ഥിച്ചു.
Discussion about this post