ആലപ്പുഴ: പ്രവർത്തകരുടെ കൊഴിഞ്ഞ് പോക്കിന് പിന്നാലെ ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം. നിലിവിലുളള നേതാക്കൾ ഇരു ചേരികളായി തിരിഞ്ഞതാണ് പാർട്ടിയിലെ പ്രശ്‌നങ്ങൾ വഷളാക്കിയത്. ഇതിന്റെ ഫലമായി ഒരു വിഭാഗം രഹസ്യം യോഗം ചേർന്നതായാണ് സൂചന.
സജി ചെറിയാൻ വിരുദ്ധ പക്ഷത്തെ നേതാക്കളാണ് ജില്ലാ കമ്മിറ്റിയിൽ രഹസ്യയോഗം ചേർന്നത് . ഇതിൽ സജി ചെറിയാൻ പക്ഷത്തോട് അടുപ്പം പുലർത്തുന്ന നേതാവ് സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. കുട്ടനാട് മേഖലയിലെ വിഭാഗീയത സംബന്ധിച്ച പ്രശ്‌നങ്ങളും, ഏരിയ കമ്മിറ്റിയംഗത്തിന്റെ നഗ്നദൃശ്യ വിവാദവും ചർച്ച ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നിരുന്നു. ഇതിന് തലേദിവസമായിരുന്നു രഹസ്യയോഗം എന്നാണ് പരാതിയിൽ പറയുന്നത്.
യോഗത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗം നടക്കുന്ന സമയം ഒരു ഏരിയ സെക്രട്ടറി ഓഫീസിന് പുറത്ത് നിരീക്ഷണം നടത്തിയിരുന്നു. ദൂരെ വാഹനം നിർത്തിയ ശേഷമായിരുന്നു ചില നേതാക്കൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത് എന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിന്റെ സംഘാടകരെ വിമർശിച്ച് ജി. സുധാകരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ പ്രവർത്തകർ ചേരി തിരിഞ്ഞ് പ്രതികരിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യയോഗം ചേർന്നതായി പരാതി.












