കൊല്ലം: പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷക്കായ കഴിച്ച കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിക്കേസിൽ നൽകിയ പരാതി ഒത്തു തീർപ്പാക്കാൻ ഓച്ചിറ പോലീസ് ശ്രമിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. ഇതിന് വിസമ്മതിച്ചപ്പോൾ പോലീസ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി പറയുന്നു.
ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിന് ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി ഉൾപ്പെടെ നാല് പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് പരാതി നൽകിയിരുന്നു. എന്നാൽ ഇത് ഒത്തു തീർപ്പാക്കാൻ പോലീസ് ഇടപെട്ടുവെന്നാണ് ആരോപണം.
അതേസമയം ആരോപണങ്ങൾ ഓച്ചിറ പോലീസ് നിഷേധിച്ചു. വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കളവാണെന്ന് ഓച്ചിറ പോലീസ് പറഞ്ഞു. ഏകപക്ഷീയമായ ആക്രമണമായിരുന്നില്ല. വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് തമ്മിലടിക്കുകയാണ് ഉണ്ടായത്. സംഘർഷത്തിന് പിന്നാലെ ഇരുകൂട്ടരും പരാതി നൽകിയെന്നും പോലീസ് പറഞ്ഞു.












