തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം ഈ മാസം അവസാനത്തോടെ ശ്രീലങ്ക തീരത്തേക്ക് നീങ്ങും. ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കൻ കേരത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിച്ചത്.
മധ്യകേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിലും മഴ ലഭിച്ചിരുന്നു. മഡഗാസ്കറിന് സമീപത്തുണ്ടായ ചുഴലിക്കാറ്റാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയത്. 29, 30 തിയതികളിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 വരെ കിലോമീറ്റർ വേഗതയിലും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കുണ്ട്.
Discussion about this post