ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി മൂലം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ പാകിസ്താൻ 4 ഭാഗങ്ങളായി വിഭജിക്കുമെന്ന് യോഗാചാര്യൻ ബാബാ രാംദേവ്. ഇതിൽ 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കും. ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തിൽ റിപ്പബ്ലിക് ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് ബാബാ രാംദേവ് ഇക്കാര്യം പറഞ്ഞത്.
ബലൂചിസ്താനും, പാക് അധിന കശ്മീരും, പഞ്ചാബുമെല്ലാം വിഭജിച്ച് രാഷ്ട്രങ്ങളായി മാറും. പാക് അധീന കശ്മീരും, ബലൂചിസ്താനും ഇന്ത്യയിലേക്ക് ലയിക്കും. പഞ്ചാബിനും സിന്ധിനും ഇന്ത്യയുടെ സംസ്‌കാരവുമായി സാമ്യമുണ്ട്. ഇതോടെ ഇന്ത്യ സൂപ്പർ പവറായി മാറുമെന്നും ഇത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്റെ മൂന്ന് ഭാഗങ്ങൾ ഇന്ത്യയുമായി ലയിച്ചാലേ അഖണ്ഡ ഇന്ത്യയെന്ന സ്വപ്നം പൂവണിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ലോക രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. യുക്രെയ്ൻ-റഷ്യ യുദ്ധമാണ് ഇപ്പോൾ നടക്കുന്നതിൽ ഏറ്റവും പ്രധാനം. ചൈനയുടെയും പാകിസ്താന്റെയും ഭാഗങ്ങളിലുണ്ടാകുന്ന നിന്ദ്യമായ പ്രവർത്തനങ്ങൾ മറ്റ് രാജ്യങ്ങളെ പൊറുതിമുട്ടിക്കുകയാണ്.
ഇപ്പോൾ സനാതന ധർമ്മത്തിനെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നു. രാമായണത്തെയും ഭഗവദ് ഗീതയെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അന്താരാഷ്ട്ര ഗൂഢാലോചനയോടെയാണ് ഇതെല്ലാം നടക്കുന്നത്. രാജ്യത്ത് മതതീവ്രവാദം അരങ്ങേറുന്നു. സനാതന ധർമ്മത്തെയും നമ്മുടെ മഹാന്മാരെയും കളങ്കപ്പെടുത്തുന്നു. ഇത് ആര് ചെയ്താലും അവർ ദേശവിരുദ്ധരാണ്. ഒരു വിദേശശക്തിയുടെ ഇംഗിതത്തിന് വഴങ്ങിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നും ബാബാ രാംദേവ് ചൂണ്ടിക്കാട്ടി
Discussion about this post