കോട്ടയം : ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ‘എ’ വിഭാഗമാണെന്നാണ് സി.എഫ്. തോമസ് ചെയര്‍മാനായുള്ള കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തല്‍. മാണി ഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക് പോകുന്നത് തടയുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം.
ഗൂഢാലോചനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ.ബാബു അടക്കമുള്ള എ വിഭാഗം മന്ത്രിമാരുടെയും പങ്ക് തളളിക്കളയാനാവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നാണ് അറിയുന്നത്. ‘എ’ ഗ്രൂപ്പ് ഉന്നത നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള തന്റെ കണ്ടെത്തല്‍ ഉള്‍പ്പെടുത്തിയേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാവൂ എന്ന് ടി.എസ്. ജോണ്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ കമ്മിറ്റിയില്‍ ജോര്‍ജ് വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു ജോണ്‍.
റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിട്ടാല്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന, പാര്‍ട്ടി ചെയര്മാന് കൂടിയായ കെ.എം.മാണിയെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ ‘എ’ വിഭാഗം നേതാക്കളെ പിണക്കേണ്ട എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെ മരവിപ്പിക്കുകയായിരുന്നു. ടി.എസ്. ജോണിന്റെ എതിര്‍പ്പ് തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഈ തീരുമാനം. ജോയ്എബ്രഹാം എം.പി, ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, പി.ടി. ജോസ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
Discussion about this post