കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. ശ്രീകണ്ഠാപുരം സ്വദേശി പി.വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ സർവ്വീസ് ഓഫീസറാണ് ഇയാൾ.
കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം കയറിപ്പിടിക്കുകയായിരുന്നു. യുവതി ശക്തമായി പ്രതിരോധിക്കുകയും, ബഹളംവയ്ക്കുകയും ചെയ്തതോടെ ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടു. ഇതിന് പിന്നാലെ യുവതി പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്.
നേരത്തെയും ഇയാൾക്കെതിരെ സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിൽ ഇയാൾക്കെതിരെ കേസും എടുത്തിട്ടുണ്ട്. കണ്ണൂരിൽവച്ചും ഇയാൾ സ്ത്രീകളെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.












