കൊച്ചി: യൂട്യൂബറുമായുള്ള വിഷയത്തിൽ നിലപാട് ആവർത്തിച്ച് നടൻ ഉണ്ണി മുകുന്ദൻ. മാതാപിതാക്കളെയും കൂടെ അഭിനയിച്ച കൊച്ചുകുഞ്ഞിനെയും ആര് തെറി പറഞ്ഞാലും തിരിച്ചു തെറി പറയും. അത് ഇനി എത്ര വലിയ ആളാണെങ്കിലും തനിക്കത് വിഷയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
”തന്റെ ദൈവം തന്നെ വളർത്തിയ അച്ഛനും അമ്മയുമാണ്. ഇതിന്റെ പേരിൽ സിനിമാ ജീവിതം പോവുകയാണെങ്കിൽ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. ഞാൻ ഇങ്ങനെയാണ്. ഒരു പരിധിവരെ ഒക്കെ തന്റെ ഭാഗത്ത് നിന്ന് പ്രശ്‌നം ഉണ്ടാവാതിരിക്കാനും തെറ്റുകൾ തിരുത്താനും ശ്രമിക്കും. എനിക്ക് വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തിൽ ഒന്നും നേടാനില്ല. സിനിമ ഇഷ്ടമാണ്, ജനങ്ങളുടെ സ്‌നേഹം അത് കൊണ്ടാണ്, എന്നെ ഞാനാക്കി മാറ്റിയത് കേരളക്കരയാണെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷം മുൻപ് താൻ ആരാണെന്നും എങ്ങനെയായിരുന്നുവെന്നും ഇനിയും തെളിയിക്കേണ്ട ആവശ്യമില്ലെന്നാണ് കരുതുന്നതെന്ന് ഉണ്ണി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബർ ഉണ്ണി മുകുന്ദനോട് ഫോണിൽ പ്രകോപനപരമായി സംസാരിച്ചത്. മാളികപ്പുറത്തിൽ അഭിനയിച്ച ബാലതാരങ്ങളെ കുറിച്ച് ഉൾപ്പെടെ അധിക്ഷേപകരമായ പരാമർശം നടത്തിയ യൂട്യൂബർക്കെതിരെ നടൻ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ ഉണ്ണി മുകുന്ദനെതിരെ ഒരു വിഭാഗം അസഭ്യവർഷവുമായി രംഗത്ത് വരികയായിരുന്നു.











