ന്യൂഡൽഹി: ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഭീകരൻ ഷെഹ്‌സാദ് അഹമ്മദ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പാൻക്രിയാറ്റിസ് ചികിത്സയ്ക്കിടെ മരിച്ചതായി പോലീസ് അറിയിച്ചു.ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനായ ഷെഹ്സാദ് അഹമ്മദ് ഉത്തർപ്രദേശിലെ അസംഗഢ് നിവാസിയാണ്.
2008 സെപ്തംബര്‍ 19-നുണ്ടായ ബട്ട്ല ഹൗസ് ഏറ്റുമുട്ടലിലിലാണ് ഡല്‍ഹി പോലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ കൊല്ലപ്പെട്ടത്. ഡൽഹി പോലീസിലെ സ്‌പെഷൽ സെൽ ഓഫീസർമാരും തീവ്രവാദികളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാജ്യതലസ്ഥാനത്ത് നാലിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു ബട്‌ല ഹൗസിലെ ഏറ്റുമുട്ടല്‍.39 പേർ കൊല്ലപ്പെടുകയും 159 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടന പരമ്പരയാണ് അന്ന് തലസ്ഥാന നഗരിയിൽ അരങ്ങേറിയത്.
അക്യൂട്ട് നെക്രോട്ടൈസിംഗ് പാൻക്രിയാറ്റിസ് മൂലം ഡിസംബർ എട്ടിനാണ് ഷെഹ്സാദ് അഹമ്മദിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജനുവരി 11ന് ആണ് എയിംസിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെ 7.42ന് എയിംസ് ആശുപത്രിയിൽ വെച്ച് അഹമ്മദ് മരിച്ചതായി അധികൃതർ അറിയിച്ചു










