ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ദേശസ്നേഹികളായ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി കന്റോണ്മെന്റിൽ എൻ സി സി കേഡറ്റുകളുടെ റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
രാജ്യത്തെ ശിഥിലമാക്കാനുള്ള ഒരു ശ്രമങ്ങളെയും വളരാൻ അനുവദിക്കരുത്. പല വിധത്തിലും ദേശവിരുദ്ധ ശക്തികൾ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ നിറവേറ്റാൻ വേണ്ടി പരിശ്രമിക്കുന്നുണ്ട്. കുട്ടികളെയും വൈജാത്യങ്ങൾ പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ ചെറുക്കാൻ എൻ സി സി കേഡറ്റുകൾക്ക് സാധിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഭിന്നിപ്പിക്കാനുള്ള പരിശ്രമങ്ങൾക്കുള്ള പ്രതിവിധി ദേശീയ ഐക്യം എന്ന മന്ത്രമാണ്. ഇന്ത്യയുടെ മഹത്വം നിലനിർത്താനുള്ള ഏറ്റവും ശക്തിമത്തായ മന്ത്രമാണത്. ദേശീയ ഐക്യം എന്നതാവണം നമ്മുടെ പ്രതിജ്ഞയും ശക്തിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിക്കുന്ന ബിബിസി ഡോക്ക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യുവാക്കളോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. ഡോക്ക്യുമെന്ററി പൊതുവേദികളിൽ പ്രദർശിപ്പിച്ച് വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കാനുള്ള കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ദേശീയവാദികളും രംഗത്ത് വന്നിരുന്നു.
Discussion about this post