ഭുവനേശ്വർ: ഒഡിഷ വിദ്യാഭ്യാസമന്ത്രി നബ കിഷോർ ദാസിനെ വെടിവച്ച ഗാന്ധി ഛക്ക് പോലീസ് ഔട്ട് പോസ്റ്റിലെ എഎസ്‌ഐയ്ക്ക് മാനസികാസ്വാസ്ഥ്യമെന്ന് ഭാര്യ. ആറുമാസമായി ഭർത്താവ് ഗോപാൽ കൃഷ്ണദാസ് മാനസിക പ്രശ്‌നങ്ങൾക്ക് മരുന്നു കഴിക്കുന്നുണ്ടെന്ന് ഭാര്യ ജയന്തി വെളിപ്പെടുത്തി. മന്ത്രിയുടെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനായ എഎസ്‌ഐയെ അടുത്തിടെ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണോ ആക്രമണത്തിന് കാരണം എന്ന് വ്യക്തമല്ല. അറസ്റ്റിലായ ഗോപാലിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം മന്ത്രിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തെ ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് മന്ത്രിയെ ഝാർസുഗുഡയിലെ ആശുപത്രിയിൽ നിന്ന് മാറ്റിയത്. മന്ത്രിയ്ക്ക് രണ്ട് തവണ നെഞ്ചിൽ വെടിയേറ്റതാണ് ആരോഗ്യനില വഷളാവാൻ കാരണം.
മന്ത്രിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ്. സംസ്ഥാനത്തെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ശസ്ത്രക്രിയ. മുഖ്യമന്ത്രി നവീൻ പട്‌നായിക് ആശുപത്രിയിലെത്തി.
ബ്രജ്‌രാജ് നഗറിലെ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി നബ കിഷോർ ദാസ്. മന്ത്രി കാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ എഎസ്‌ഐ നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു










