തിരുവനന്തപുരം: ജോലി തേടി ഒമാനിലെ മസ്‌ക്കറ്റിലെത്തുകയും ഒടുവിൽ കളളക്കേസിൽ കുടുങ്ങി ജയിലിലാകുകയും ചെയ്ത മലയാളി വീട്ടമ്മയെ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗവും നടനുമായ കൃഷ്ണകുമാർ. ചടയമംഗലം പോരേടം വെളളൂപ്പാറ റെജീന മൻസിലിൽ റെജീന (43) ആണ് ജോലി തേടി എത്തി കുടുങ്ങിയത്.
രണ്ട് വർഷം മുൻപാണ് റെജീന വീട്ടുജോലിക്കായി ഒമാനിൽ എത്തിയത്. മാനസീക അസ്വാസ്ഥ്യമുളള രണ്ട് കുട്ടികളെ നോക്കുകയായിരുന്നു ജോലി. പക്ഷെ വീട്ടുകാരും കുട്ടികളും റെജീനയെ ഉപദ്രവിക്കുന്നത് പതിവായി. സിഗരറ്റ് കൊണ്ട് പൊളളിച്ച പാടുകളും ശരീരത്തിലുണ്ട്. ഒടുവിൽ കളളക്കേസിൽ ജയിലിലുമാക്കി.
ബിജെപി നേതാവ് പിആർ ശിവശങ്കർ ആണ് റെജീനയുടെ അവസ്ഥ നടൻ കൃഷ്ണകുമാറിനെ വിളിച്ച് അറിയിച്ചത്. റെജീന പത്ത് മാസമായി കള്ളക്കേസിൽ കുടുങ്ങി മസ്‌ക്കറ്റിലെ ജയിലിലാണെന്നും സാദ്ധ്യമെങ്കിൽ അവരെ നാട്ടിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ – ഉക്രൈൻ യുദ്ധം ആരംഭിച്ച സമയത്ത് അവിടെ കുടുങ്ങിയ ഏതാനും വിദ്യാർത്ഥികളെ കൃഷ്ണകുമാർ കേന്ദ്ര സർക്കാരിലെ ചില ഉദ്യോഗസ്ഥ സുഹൃത്തുക്കളുടെ സഹായത്താൽ ഉക്രെയ്‌നിൽ നിന്ന് നാട്ടിൽ എത്തിച്ചിരുന്നു. ഈ അനുഭവം നൽകിയ ധൈര്യത്തിൽ കൃഷ്ണകുമാർ വിഷയത്തിൽ ഇടപെടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് ആദ്യം ഡൽഹിയിലേക്കയച്ചു. പിന്നീട് കൃഷ്ണകുമാറിനെ നേരിട്ട് വിളിച്ച് റെജീനയുടെ ഭർത്താവും അമ്മയും സംസാരിച്ചു. അടുത്ത ദിവസം റെജീനയുമായി ഫോണിൽ ബന്ധപ്പെട്ടു. കാര്യങ്ങളെല്ലാം ഡൽഹിയിലെ ഓഫീസിൽ ധരിപ്പിച്ചു. അടുത്തദിവസം തന്നെ നടപടികൾ ആരംഭിച്ചു. വിദേശമന്ത്രാലയത്തിലെ സുഹൃത്ത് ഒമാൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നതായി കൃഷ്ണകുമാർ പറഞ്ഞു. ഇതിനൊടുവിലാണ് മോചനം സാദ്ധ്യമായത്. കഴിഞ്ഞ ദിവസം റെജീന തിരുവനന്തപുരത്ത് എത്തിയതായും ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയതായും കൃഷ്ണകുമാർ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.












