അത്യപൂർവ്വമായ പച്ച നിറത്തിലുള്ള വാൽനക്ഷത്രം ഭൂമിയോടടുക്കുന്നു. 50,000 വർഷങ്ങൾക്ക് മുൻപാണ് ഈ വാൽനക്ഷത്രം അവസാനമായി ഭൂമിയിൽ ദൃശ്യമായത്. C/2022 E3 എന്ന് പേരിട്ടിരിക്കുന്ന വാൽനക്ഷത്രം ബുധനാഴ്ചയോടെ ഭൂമിയുടെ 42 ദശലക്ഷം കിലോമീറ്റർ പരിധിക്കുള്ളിൽ വരും. അടുത്ത അമ്പതിനായിരം വർഷങ്ങൾക്ക് ശേഷം മാത്രമേ ഈ അത്യപൂർവ്വ പ്രതിഭാസം ഇനി കാണാനാകൂ. നിയാണ്ടർതാൽ കാലഘട്ടത്തിലാണ് പച്ച വാൽനക്ഷത്രം അവസാനമായി ഭൂമിയോട് അടുത്ത് കടന്ന് പോയതെന്ന് നാസ വ്യക്തമാക്കുന്നു.
അത്യപൂർവ്വ നിമിഷമെന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ തലമുറയിലുള്ളവർക്ക് ഇനി ഒരിക്കലും ഇതിനെ കാണാനുള്ള അവസരവും ഉണ്ടാകില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് ശാസ്ത്രജ്ഞർ ഈ വാൽനക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയത്. അന്ന് വ്യാഴത്തിന്റെ ഭ്രമണപഥത്തിലായിരുന്നു ഈ വാൽനക്ഷത്രം. ഫെബ്രുവരി ഒന്നിനും രണ്ടിനും ഇടയിൽ ഭൂമിയോട് ഏറ്റവും അടുത്ത് ഇത് കടന്നു പോകും.
പൊളാരിസ് അഥവാ നോർത്ത് സ്റ്റാർ എന്ന തിളങ്ങുന്ന നക്ഷത്രത്തിന് സമീപമായിരിക്കും ഇതിനെ കാണാൻ കഴിയുക. ആദ്യം ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിലും പിന്നീട് തെക്കൻ അർദ്ധഗോളത്തിലും ഇത് ദൃശ്യമാകും. ആകാശ നിരീക്ഷകർക്ക് ബൈനോക്കുലർ വഴി വാൽനക്ഷത്രത്തെ കാണാൻ സാധിക്കുമെന്നും നാസ വ്യക്തമാക്കുന്നു. ചിലപ്പോൾ നഗ്‌നനേത്രങ്ങൾ കൊണ്ടും ഇതിനെ കാണാൻ സാധിച്ചേക്കും. വാലും പച്ച നിറത്തിലുള്ള കോമയും കൊണ്ട് ഈ വാൽനക്ഷത്രത്തെ മറ്റുള്ളവയിൽ നിന്ന് വേർതിരിച്ചറിയാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.
Discussion about this post