തൃശൂർ: തൃശൂരിലെ നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നേഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. നൂറോളം വിദ്യാർത്ഥിനികൾ ചികിത്സ തേടിയതായാണ് വിവരം.
വയറിളക്കവും ഛർദ്ദിയും പനിയും ക്ഷീണവും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥിനികൾ ചികിത്സ തേടിയത്. ഈ മാസം 26നായിരുന്നു വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
അതേസമയം, വയനാട് ലക്കിടി ജവഹർ നവോദയ സ്‌കൂളിലും ഭക്ഷ്യവിഷബാധ ഉണ്ടായതായി സംശയം തോന്നിയതിനെ തുടർന്ന് 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ് ചികിത്സ തേടിയത്. 500ലെറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണ് ലക്കിടി ജവഹർ നവോദയ വിദ്യാലയം.
കൊച്ചിയിലെ പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജാണ് മരിച്ചത്. പറവൂർ മജ്‌ലിസ് ഹോട്ടലിൽ നിന്നാണ് ഇദ്ദേഹത്തിന് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലിൽ നിന്ന് കുഴിമന്തി, അൽഫാം, ഷവായി തുടങ്ങിയവ കഴിച്ച എഴുപതിലേറെ പേർക്കുംഭക്ഷ്യവിഷബാധ ഏറ്റിരുന്നു.












