തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവിൽ വിവാദത്തിലായ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് പഴക്കുലയുമായി കെഎസ്‌യു മാർച്ച്. പ്രതിഷേധം സംഘർഷ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ പോലീസ് പ്രവർത്തകരെ നീക്കി.
ചിന്ത ജെറോം വ്യാജ പിഎച്ച്ഡി തിരിച്ചുനൽകണമെന്നും യുവജന കമ്മീഷൻ അദ്ധ്യക്ഷസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചിന്തയുടെ പ്രവൃത്തി കേരളത്തിന്റെ വിദ്യാഭ്യാസ ഗവേഷണ മേഖലയുടെ നിലവാരം തന്നെ തകർത്തുവെന്നും കെഎസ്‌യു ആരോപിച്ചു. സംഭവത്തിൽ എല്ലാ ജില്ലകളിലും സമരം നടത്തുമെന്നും ചിന്ത മാപ്പു പറയണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ തെറ്റ് പുറത്തുവന്നത്. വാഴക്കുല എഴുതിയത് വൈലോപ്പിളളി ആണെന്നായിരുന്നു പ്രബന്ധത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് മറ്റൊരിടത്ത് നിന്നും കോപ്പി ചെയ്തതാണെന്നും തെളിവുകൾ സഹിതം പുറത്തുവന്നിരുന്നു. സംഭവത്തിൽ ചിന്ത ജെറോം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post