കൊല്ലം: പന്മനയിൽ വിനോദസഞ്ചാരികളുമായി പോകുകയായിരുന്ന ഹൗസ് ബോട്ടിന് തീ പിടിച്ചു. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ബോട്ടിനുള്ളിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ രക്ഷിച്ചു.
മൂന്ന് ജർമ്മൻ സ്വദേശികൾ ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. കൊല്ലത്തേക്ക് ആയിരുന്നു ഇവരുടെ യാത്ര. ആലപ്പുഴയിൽ നിന്നും തിരിച്ച ബോട്ടിന് പന്മന കല്ലിട്ടകടവിൽവച്ച് തീ പിടിക്കുകയായിരുന്നു. ഉടനെ വിനോദസഞ്ചാരികളെ മറ്റൊരു വള്ളത്തിൽ കയറ്റി രക്ഷിച്ചു. ഇവർക്ക് പുറമേ രണ്ട് ജീവനക്കാരും ഇതിനുള്ളിൽ ഉണ്ടായിരുന്നു.
തീ ആളിക്കത്തുന്നതിന് മുൻപ് ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. തീപിടിത്തത്തൽ ബോട്ട് പൂർണമായും കത്തിനശിച്ചു. കൊല്ലം, കരുനാഗപ്പള്ളി, ചവറ, കെഎംഎംഎൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.








