കോട്ടയം : കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കാല് തെറ്റി വീണ യുവതിയുടെ മുടി വാഹനത്തിന്റെ ടയറിൽ കുടുങ്ങി. തുടർന്ന് നാട്ടുകാർ എത്തിയാണ് ഇവരെ ബസിനടിയിൽ നിന്ന് രക്ഷിച്ചത്.
ഇന്നലെ വൈകീട്ട് 5.30 ന് എംസി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്താണ് സംഭവം. സ്വകാര്യ സ്‌കൂൾ ബസിൽ ജീവനക്കാരിയായ കുറിച്ചി സ്വദേശിനിയായ അമ്പിളിയാണ് അപകടത്തിൽ നിന്ന രക്ഷപ്പെട്ടത്. സ്‌കൂൾ ബസിലെ കുട്ടികളെ റോഡിന് കുറുകെ കടത്തിവിട്ടതിന് ശേഷം തിരികെ പോകുകയായിരുന്നു അമ്പിളി. അപ്പോഴാണ് റോഡിലൂടെ കെഎസ്ആർടിസി ബസ് വന്നത്. ഇത് കണ്ട അമ്പിളി വെപ്രാളപ്പെട്ടതോടെ കാൽ വഴുതി ബസിനടിയിലേക്ക് വീഴുകയായിരുന്നു.
ഡ്രൈവർ വണ്ടി വെട്ടിച്ച് നിർത്തിയതിനാൽ ബസ് തലയിലൂടെ കയറാതെ അമ്പിളി രക്ഷപ്പെട്ടു. എന്നാൽ അമ്പിളിയുടെ മുടി ടയറിൽ കുടുങ്ങിയിരുന്നു.
തുടർന്ന് നാട്ടുകാരെത്തി യുവതിയുടെ മുടി മുറിച്ചുമാറ്റുകയാണ് ചെയ്തത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ ചെറിയ പരിക്കുണ്ടായിരുന്നു.












