ഇസ്ലാമാബാദ്: ഇന്ത്യയിൽ പോലും വിശ്വാസികൾ പ്രാർത്ഥനയ്ക്കിടയിൽ കൊല്ലപ്പെടുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ വകുപ്പ് മന്ത്രി ഖ്വാജ ആസിഫ്. രാജ്യത്ത് ക്രമസമാധാനം പാലിക്കേണ്ടത് അനിവാര്യമാണ്. അക്രമികൾ യുദ്ധത്തിന്റെ പാത ഉപേക്ഷിച്ച് സമാധാനത്തിന്റെ വഴിയിലേക്ക് വരണമെന്നും ആസിഫ് ആവശ്യപ്പെട്ടു.
ഇന്ത്യയിലേക്കും ഇസ്രയേലിലേക്കും നോക്കൂ. ഇവിടങ്ങളിൽ പോലും വിശ്വാസികൾ പ്രാർത്ഥനയ്ക്കിടയിൽ കൊല്ലപ്പെടുന്നില്ല. ഭീകരതയുടെ വിത്ത് വിതച്ചത് തങ്ങളാണെന്നത് വിസ്മരിക്കുന്നില്ല. എങ്കിലും അക്രമം അവസാനിപ്പിച്ച് ഭീകരർ ചർച്ചകൾക്ക് തയ്യാറാകുന്നതാണ് മനുഷ്യത്വപരമായ പരിഹാരമാർഗമെന്നും ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു.
പാകിസ്താനിലെ പെഷവാറിൽ പള്ളിയിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയ ചാവേർ വിശ്വാസികൾക്ക് മുന്നിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ തെഹ്രീക് ഇ താലിബാൻ ഏറ്റെടുത്തിരുന്നു.
അതേസമയം, പെഷവാറിലെ പള്ളിയിൽ നടന്ന ചാവേർ സ്ഫോടനത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
Discussion about this post