ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു എസ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ട്. ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി ജി20 ഉച്ചകോടിക്ക് മുൻപായി അമേരിക്ക സന്ദർശിക്കും എന്നാണ് വിവരം. ഇരു നേതാക്കൾക്കും സൗകര്യപ്രദമായ ഒരു ദിവസം സന്ദർശനത്തിനായി തിരഞ്ഞെടുക്കാൻ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥർ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ബൈഡൻ കൂടി പങ്കെടുക്കുന്ന ജി20 ഉച്ചകോടി സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കാനിരിക്കെ, പ്രധാനമന്ത്രിയുടെ യു എസ് സന്ദർശനം ജൂണിലോ ജൂലൈയിലോ ഉണ്ടാകാനാണ് സാധ്യത. രണ്ട് ദിവസമെങ്കിലും പ്രധാനമന്ത്രി യു എസ് സന്ദർശനത്തിനായി മാറ്റി വച്ചേക്കും. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വൈറ്റ് ഹൗസിൽ അദ്ദേഹം ബൈഡനൊപ്പം അത്താഴ വിരുന്നിലും പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ കുറിച്ചോ ബൈഡന്റെ ക്ഷണത്തിന്റെ വിശദാംശങ്ങളെ കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉടൻ പ്രഖ്യാപനമുണ്ടാകും എന്നാണ് വിവരം.








