മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പാർട്ടി സമ്മേളനത്തിൽ തന്നെ വ്യക്തിഹത്യ നടത്തിയതിന് കെഎം ഷാജി പരസ്യമായി മാപ്പ് പറയണമെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ ”കാട്ടറബികൾ” എന്ന് പറഞ്ഞ് ശ്രീജിത്ത് പണിക്കർ അറബികളെ ആക്ഷേപിച്ചുവെന്നാണ് പാർട്ടി സമ്മേളനത്തിൽ കെഎം ഷാജി ആരോപിച്ചത്. എന്നാൽ ലീഗ് നേതാവ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കെഎം ഷാജിയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ലോകകപ്പ് സമയത്ത് താൻ സൗദിയെ മാത്രമല്ല സമസ്തയെ വരെ ട്രോളിയിട്ടുണ്ട്. മലയാളിക്ക് അന്നം നൽകുന്ന നാടാണ് പോറ്റമ്മയുടെ നാടെങ്കിൽ ലോകകപ്പിൽ കളിച്ച അമേരിക്കയും ജപ്പാനും ക്യാനഡയും ഓസ്‌ട്രേലിയയും ഒക്കെ പോറ്റമ്മയുടെ നാടാണ്. അതും അദാനിയുടെ കമ്പനികളിലെ വിദേശനിക്ഷേപവും തമ്മിൽ എന്താണ് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു.
ലാഭേച്ഛയോടെ, നിയമപ്രകാരം നൽകുന്ന പണമാണ് വിദേശനിക്ഷേപം, അല്ലാതെ, അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ വാങ്ങുന്ന കൈക്കൂലി പോലെയല്ല. വീട്ടിൽ നിന്ന് വിജിലൻസ് പൊക്കിക്കൊണ്ടു പോയ 47 ലക്ഷത്തിന് തെളിവ് കൊടുത്തോ എന്നും പോസ്റ്റിൽ ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –
താങ്കൾ പറഞ്ഞത് പച്ചക്കള്ളമാണ്. ‘കാട്ടറബികൾ’ എന്നു ഞാൻ സൗദിക്കാരെ വിളിച്ചിട്ടില്ല. ഇല്ലാത്തതു പറഞ്ഞ്, പാർട്ടി സമ്മേളനത്തിൽ എന്നെ വ്യക്തിഹത്യ നടത്തിയതിന് താങ്കൾ പരസ്യമായിത്തന്നെ മാപ്പ് പറയണം.
ലോകകപ്പ് സമയത്ത് ഞാൻ സൗദിയെ മാത്രമല്ല, സമസ്തയെ വരെ ട്രോളിയിട്ടുണ്ട്. മലയാളിക്ക് അന്നം നൽകുന്ന നാടാണ് പോറ്റമ്മയുടെ നാടെങ്കിൽ ലോകകപ്പിൽ കളിച്ച അമേരിക്കയും ജപ്പാനും ക്യാനഡയും ഓസ്‌ട്രേലിയയും ഒക്കെ പോറ്റമ്മയുടെ നാടാണ്. സൗദി മാത്രമാണ് പോറ്റമ്മയുടെ നാടെന്ന് താങ്കൾക്ക് തോന്നുന്നെങ്കിൽ അത് താങ്കളുടെ മാത്രം കുഴപ്പമാണ്.
അതും അദാനിയുടെ കമ്പനികളിലെ വിദേശനിക്ഷേപവും തമ്മിലെന്ത് ബന്ധം? ലാഭേച്ഛയോടെ, നിയമപ്രകാരം നൽകുന്ന പണമാണ് വിദേശനിക്ഷേപം; അല്ലാതെ, അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ വാങ്ങുന്ന കൈക്കൂലി പോലെയല്ല അത്. അതിരിക്കട്ടെ, വീട്ടിൽ നിന്ന് വിജിലൻസ് പൊക്കിക്കൊണ്ടു പോയ 47 ലക്ഷത്തിന് തെളിവ് കൊടുത്തോ? അത് വിദേശനിക്ഷേപം ആയിരുന്നില്ലല്ലോ, അല്ലേ?
പ്രതിയോഗികളെ, എൽജിബിടി വിഭാഗത്തെ ഒക്കെ അടച്ചാക്ഷേപിക്കുന്നവരുടെ നാക്കിൽ നല്ലതുവരും എന്നു പ്രതീക്ഷിച്ചിട്ടല്ല. എങ്കിലും താങ്കളുടേത് മാന്യതയുടെ രാഷ്ട്രീയമാണെന്ന്, ആ വേദിയിലും സദസ്സിലും ഇരുന്നവരെ ബോധ്യപ്പെടുത്താൻ വേണ്ടിയെങ്കിലും താങ്കൾ മാപ്പ് പറയണം.
Discussion about this post