കൊച്ചി: ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കുടുംബത്തെ സന്ദർശിച്ച് യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ചങ്ങമ്പുഴയുടെ ഇളയ മകൾ ലളിത ചങ്ങമ്പുഴയെ ആണ് ചിന്ത സന്ദർശിച്ചത്. ലളിത ചങ്ങമ്പുഴയെ അമ്മയ്ക്കും കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസികുര്യാക്കോസും, റെനീഷ് മാത്യുവും എന്നിവരോടൊപ്പവുമായിരുന്നു ചിന്ത സന്ദർശിച്ചത്.സാന്ദർഭികമായി സംഭവിച്ച പിഴവാണ് ഉണ്ടായതെന്ന് ചിന്ത, ലളിതയെ അറിയിച്ചു.
പ്രബന്ധം വിവാദമായതിന് പിന്നാലെ പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ ആവശ്യപ്പെട്ടിരുന്നു. ഗൈഡിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് ക്ഷമിക്കാൻ പറ്റാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചിരുന്നു.
ചങ്ങമ്പുഴയുടെ ഏറെ പ്രശ്‌സതമായ കവിതയായ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു. കോപ്പിയടി വിവാദം ഉയർന്നതോടെ ആശയം മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും മനുഷ്യസഹജമായ തെറ്റ് നോട്ടപിശക് കൊണ്ട് സംഭവിച്ചതാണെന്നും ചിന്ത വ്യക്തമാക്കിയിരുന്നു.












